ജനങ്ങൾക്ക് മികച്ച സർക്കാർ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സർക്കാർ സേവനങ്ങൾ കൂടുതൽ ജനോന്മുഖമാക്കുന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് ഒരു തടസ്സം കാലഹരണപ്പെട്ട ചട്ടങ്ങളാണ്. അതു പരിഹരിക്കാൻ നടപടിയാരംഭിച്ചു. ഏതെങ്കിലും ചട്ടങ്ങൾ ജനങ്ങൾക്ക് വിഷമകരമാകുന്നു എന്നുകണ്ടാൽ ഉദ്യോഗസ്ഥർ അക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണം.
നിലവിൽ സർക്കാരിൽനിന്നുള്ള 868 സേവനങ്ങൾ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. 668 സേവനങ്ങൾ ലഭ്യമാക്കുന്ന എം സേവനം മൊബൈൽ ആപ്പും പുറത്തിറക്കി. ഇവയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും. എല്ലാ വിഭാഗം ജനങ്ങൾക്കും ഇ സേവനം ലഭ്യമാകണമെങ്കിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തണം. അതിനാണ് കെ ഫോൺ പദ്ധതി. നിലവിൽ 2013 പൊതുസ്ഥലങ്ങളിൽ വൈഫൈ സ്പോട്ടുകളുണ്ട്. 2000 സ്പോട്ടുകൾകൂടി സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. ഭൂരേഖകൾ കൃത്യതയോടെയും നിശ്ചിത സമയപരിധിക്കുള്ളിലും ലഭ്യമാക്കാൻ ഡിജിറ്റൽ റീസർവെയ്ക്ക് തുടക്കമായതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ഇ ഗവെർണൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.