എസ്എൻഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാരാരിക്കുളം പോലീസാണ് വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.
ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെ കെ മഹേശൻ്റെ കുടുംബം നൽകിയ ഹർജി പരിഗണിച്ച ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്‌ഐആറിലുണ്ട്.
2020 ജൂൺ 24നാണ് എസ്എൻഡിപി യൂണിയൻ ഓഫിസിൽ മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ.
കെ കെ മഹേഷൻ്റെ മരണം; വെള്ളാപ്പള്ളിയെ പ്രതിയാക്കാൻ കോടതി ഉത്തരവ്