തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം. ചാൻസലറുടെ ആനുകൂല്യങ്ങളും ചിലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും.
14 സർവകലാശാകളുടേയും ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിൻ്റെ കരടിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. നിയമവകുപ്പ് തയാറാക്കിയ ബില്ലിൽ ഗവർണർക്കു പകരം അക്കാദമിക് രംഗത്തെ പ്രഗത്ഭരെ ചാൻസിലർമാരാക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഭരണഘടനാ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയോഗിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമ്മീഷൻ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് ബില്ല് തയാറാക്കിയിരിക്കുന്നത്.
നേരത്തെ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിയമ വകുപ്പ് തയ്യാറാക്കി കൈമാറിയ ഓർഡിനൻസിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഗവർണർക്ക് പകരം ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് തീരുമാനം.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റും; ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം