തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ 3,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെയാണ് കേസ്. എന്നാൽ വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരിക്കുന്നത്.
പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. എസ്പിയുടേതടക്കം നാലു വാഹനങ്ങളും രണ്ട് കെഎസ്ആർടിസി ബസുകളും അടിച്ചുതകർത്തു. വൈദികരടക്കമുള്ള സമരക്കാർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞത്ത് ഇന്ന് ജില്ലാ കളക്ടറിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേരും. കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ 38 പൊലീസുകാർക്കാണ് പരുക്കേറ്റത്. സമരക്കാർ പൊലീസ് ജീപ്പുകൾ, കെഎസ്ആർടിസി ബസ്സുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ തകർത്തിരുന്നു.