കേന്ദ്ര സർക്കാർ നിർത്തലാക്കിയ പിന്നാക്ക വിദ്യാർഥി സ്കോളർഷിപ് കേരളം പുനഃസ്ഥാപിക്കും. ഇക്കാര്യം പരിശോധിക്കാൻ വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനത്ത് എട്ടുവരെയുള്ള 1.25 ലക്ഷം വിദ്യാർത്ഥികളാണ് വർഷംതോറും സ്കോളർഷിപ്പിന് അർഹരായിരുന്നത്. ഇത് തുടരാൻ സംസ്ഥാനം വർഷം 18.75 കോടി രൂപ അധികമായി കണ്ടെത്തണം.
വെള്ളിയാഴ്ചയാണ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് കേന്ദ്രം നിർത്തലാക്കിയത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കോളർഷിപ്പുകളാണ് നിർത്തലാക്കിയത്. രണ്ടര ലക്ഷത്തിൽ താഴെ വരുമാനപരിധിയുള്ള ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പാണ് കേന്ദ്രം വെട്ടിയത്. ഇത് സംബന്ധിച്ച് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സർക്കുലർ പുറത്തിറക്കി. കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുന്നത്.
വിദ്യാർത്ഥികൾക്ക് തിരിച്ചടി; ഒബിസി സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ നിർത്തലാക്കി