ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ യുവതി സ്പീക്കർ എ എൻ ഷംസീറിന് പരാതി നൽകി. നീതി ഉറപ്പാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നിയമസഭയിലെത്തി സ്പീക്കർക്ക് നേരിട്ടാണ് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിക്ക് കൈമാറാമെന്ന് സ്പീക്കർ അറിയിച്ചതായി യുവതി പറഞ്ഞു.
എൽദോസ് കുന്നപ്പി എംഎൽഎ ഉൾപ്പെടെയുള്ള ഉന്നതർ ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിലും ഇപ്പോഴും ഭീഷണി തുടരുകയാണ്. ഒരാഴ്ച മുൻപ് എം എൽ എ തനിക്ക് മെസേജ് അയച്ചു. എൽദോസ് കുന്നപ്പിള്ളി എം എൽഎ ഭാര്യയുടെ ഫോണിൽ നിന്നാണ് മെസേജ് അയച്ചത്. എന്നാൽ മദ്യ ലഹരിയിലാണ് മെസ്സേജ് അയച്ചതെന്ന് പിന്നീട് പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിലുണ്ട്.
അതേസമയം ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ എംഎൽഎയെ പൊതുപരിപാടികളിൽ സജീവമാക്കാൻ കോൺഗ്രസ് നേതൃത്വംനടപടികൾ തുടങ്ങി. അതിൻ്റെ ഭാഗമായി പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹന പ്രചരണ ജാഥയിൽ മുഖ്യപ്രഭാഷകനായി എൽദോസിനെ ഉൾപ്പെടുത്തി.
ബലാത്സംഗ കേസ് പ്രതി എൽദോസ് കോൺഗ്രസ് പരിപാടിയിൽ മുഖ്യപ്രഭാഷകൻ