ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്നും രാജി വച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സ്ഥാനം ഒഴിയില്ലെന്ന നിലപാട് കടുപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തന്നെ മാറ്റുമെന്ന് ആര് പറഞ്ഞുവെന്ന് ഗെഹ്‌ലോട്ട് ചോദിച്ചു. സച്ചിൻ പൈലറ്റ് ചതിയനാണെന്നാണ് എംഎൽഎമാർ പറയുന്നതെന്നും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നത് അടിയന്തരമായി പരിഗണിച്ചില്ലെങ്കിൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്ന ഭീഷണി ഗുർജർ വിഭാഗം ആവർത്തിച്ചിരുന്നു. അവശേഷിക്കുന്ന ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യമാണ് സച്ചിൻ പൈലറ്റ് ഉന്നയിക്കുന്നത്. മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്ന് തൻ്റെ നിലപാട് രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും സച്ചിൻ പൈലറ്റ് അറിയിച്ചിട്ടുണ്ട്.