തന്നെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ സോളാർ പീഡന കേസിലെ പ്രതികളാകാനാണ് സാധ്യതയെന്ന് സരിത എസ് നായർ. അങ്ങനെ ധരിക്കാൻ ചില കാര്യങ്ങളുണ്ടെന്നും അത് പോലീസ് അന്വേഷണത്തിൽ വ്യക്തമാകേണ്ടതാണെന്നും സരിത പറഞ്ഞു. വിനു കുമാറിനെ തൻ്റെ പരാതിയിലുള്ള 2 പേർ ഉൾപ്പടെ 5 കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടിരുന്നു. അവരിൽ നിന്ന് വിനുകുമാറിന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. വിനു കുമാറിൻ്റെ സാമ്പത്തിക വളർച്ച പരിശോധിച്ചാൽ എല്ലാവർക്കും മനസിലാകും. 2014 ഓഗസ്റ്റിൽ വെറുമൊരു ടാക്‌സി ഡ്രൈവർ മാത്രമായി തൻ്റെ ഒപ്പം കൂടിയ വ്യക്തിയാണ് വിനു കുമാർ. അതിന് ശേഷം ഇപ്പോൾ എത്ര മാത്രം സാമ്പത്തിക വളർച്ചയുണ്ടായി എന്നത് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണ പരിധിയിലുണ്ട്. അത് അവർ അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു.
‘എൻ്റെ മെഡിക്കൽ രേഖകൾ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു. എൻ്റെ ഡോക്ടർമാരെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടിട്ടുണ്ടാകണം. ക്രൈം ബ്രാഞ്ച് മെഡിക്കൽ ബോർഡിനെ വിളിച്ച് അന്വേഷിക്കും എന്ന് തന്നെയാണ് വിശ്വാസം. ആരാണ് വധശ്രമം നടത്തിയതെന്ന് പേരെടുത്ത് പറയാൻ സമയമായിട്ടില്ല. കാരണം, വിനുകുമാർ കോൺടാക്ട് ചെയ്തിട്ടുള്ള ഒരുപാട് രാഷ്ട്രീയക്കാരുണ്ട്. വിനു കുമാറിൻ്റെ ഫോൺകോളുകൾ പരിശോധിച്ചാൽ അവരെ മനസിലാകും. മുൻപത്തെ ലിസ്റ്റ് മുതൽ ഉണ്ടല്ലോ. ആ പട്ടികയിലെ ആളുകളുമായി എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർക്ക് അറിയാനാകും. എനിക്ക് നേരെ നടത്തിയ വധശ്രമത്തിലൂടെ അവർ ഉദ്ദേശിച്ച ലാഭം എന്താണെന്ന് എനിക്ക് ഇപ്പോൾ പറയാനാകില്ല. ഒരു സ്ത്രീ പലയിടത്തും കേസ് കൊടുക്കുന്നു. അവരെ ഉല്ലാതാക്കാനായി സ്ലോ പോയിസൺ കൊടുക്കാം എന്ന ചിന്താഗതി ഉരുത്തിരിഞ്ഞത് ഒരു പക്ഷെ ലോകത്ത് ആദ്യമായിട്ടായിരിക്കുമെന്ന് സരിത കൂട്ടിച്ചേർത്തു.
സരിതയ്ക്ക് നേരെ വധശ്രമം; രാസ പദാർത്ഥം നൽകിയാണ് സരിതയെ വധിക്കാൻ ശ്രമിച്ചത്