കോൺഗ്രസും ബിജെപിയും തമ്മിൽ ഇപ്പോൾ വലിയ അതിർ വരമ്പൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ കോൺഗ്രസിന് സൗകര്യമുണ്ട്. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല. അവർ തമ്മിൽ നയപരമായ കാര്യങ്ങളിൽ വ്യത്യാസമില്ലാത്ത സാഹചര്യത്തിൽ, നയപരമായ കാരണം കൊണ്ട് കോൺഗ്രസുകാരൻ ഇടതുപക്ഷത്തേക്ക് വരുന്നത് വിപ്ലവകരമായ തീരുമാനമാണ്. കോൺഗ്രസ് വിട്ട മുൻ കെപിസിസി വൈസ് പ്രസിഡന്റ് സി കെ ശ്രീധരന് കാഞ്ഞങ്ങാട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരൻ ആർഎസ്എസ്സിനോട് കാണിക്കുന്ന ഇഷ്ടം ഒറ്റപ്പെട്ടതല്ല. ഹിന്ദുത്വത്തെ ശക്തമായി എതിർത്ത നെഹ്റുവിനെ, ചരിത്രത്തെ വളച്ചൊടിച്ച് ആർഎസ്എസ്സിൻ്റെ ആളാക്കിയതും ഒറ്റപ്പെട്ട കാര്യമല്ല. വർഗീയവാദികൾക്ക് സുന്ദരമുഖം നൽകാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. തലശേരി കലാപകാലത്ത് ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന് സുധാകരൻ പറഞ്ഞപ്പോൾ, ബാബറി മസ്ജിദ് കാലത്തുപോലും വിയോജിക്കാതിരുന്ന ലീഗിന് എതിർക്കേണ്ടിവന്നു. ആർഎസ്എസ്സിൻ്റെ കാര്യത്തിൽ മാത്രമാണ് നാക്കുപിഴ സുധാകരൻ ആവർത്തിക്കുന്നത് എന്നതും പ്രധാനമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
സി കെ ശ്രീധരൻ കോൺഗ്രസ് വിട്ടു; സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും