ശശി തരൂർ എംപിയെ വീണ്ടും തഴഞ്ഞ് കോൺഗ്രസ് നേതൃത്വം. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ രണ്ടാം ഘട്ട താര പ്രചാകരുടെ പട്ടികയിലും ശശി തരൂരില്ല. നേരത്തെ ഒന്നാം ഘട്ട താര പ്രചാരകരുടെ പട്ടികയിലും തരൂരിൻ്റെ പേരുണ്ടായിരുന്നില്ല. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ‘ഔദ്യോഗിക’ പക്ഷ സ്ഥാനാർഥിയായിരുന്ന മല്ലികാർജ്ജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച തരൂരിനെ ഒതുക്കുകയാണെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് കോൺഗ്രസ് നടപടികൾ.
ഡിസംബർ ഒന്ന്, അഞ്ച് തിയതികളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട താരപ്രചാരകരുടെ പട്ടികയിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഉണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കോൺഗ്രസിൻ്റെ കുടുംബാധിപത്യത്തെ എതിർത്ത തരൂർ കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ്.