ഓപ്പറേഷൻ താമരയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. തെലങ്കാനയിൽ ടിആര്‍എസ് എംഎല്‍എമാരെ പണം നല്കി പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് ബി എല്‍ സന്തോഷിന് സമന്‍സ്. കേസ് അന്വേഷിക്കുന്ന പ്രത്യക അന്വേഷണ സംഘത്തിന് മുന്നില്‍ നവംബര്‍ 21 ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയാണ് ബി എല്‍ സന്തോഷ്.
ടിആര്‍എസില്‍ നിന്ന് എംഎല്‍എമാരെ കൂറുമാറ്റാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണം. വീഡിയോ സഹിതം പുറത്തുവിട്ട് കൊണ്ട് റാവു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
‘സർക്കാരിനെ അട്ടിമറിക്കാൻ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇതിൻ്റെ തെളിവുകളുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി ബിജെഡിഎസ് അധ്യക്ഷൻ തുഷാർ വെളളാപ്പളളിയാണ്. തുഷാർ അമിത് ഷായുടെ നോമിനിയാണ്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിൻ്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു.’ മാധ്യമങ്ങൾക്ക് മുന്നിൽ കൈക്കൂപ്പിയ കെസിആർ, രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
തുഷാർ എംഎൽഎമാരെ വിലക്ക് വാങ്ങാൻ നോക്കി; തെലങ്കാന പോലീസ് കേരളത്തിൽ