ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ സത്യേന്ദർ ജെയിന് ജയിലിൽ വിഐപി പരിഗണന. അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദർ ജെയിന് സഹ തടവുകാരൻ മസാജ് ചെയ്ത് കൊടുക്കുന്നതിൻ്റെ വീഡിയോ പുറത്ത്. സത്യേന്ദർ ജെയിന് തടവറയിൽ വിഐപി പരിഗണനയാണെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സിസിടിവി വീഡിയോ പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ ജയിൽ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുറത്ത് വന്നത് പഴയ വീഡിയോ ആണെന്നും തിഹാർ ജയിൽ വൃത്തങ്ങൾ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ദില്ലി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിനുള്ളിൽ തല മസാജ്, കാൽ മസാജ്, പുറം മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. സത്യേന്ദർ ജെയിൻറെ തിഹാർ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും സാമ്പത്തിക അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചിരുന്നു.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് ജെയിനെ അറസ്റ്റ് ചെയ്തത്. കേസിൽ മന്ത്രിയുടെ 4.81 കോടി വരുന്ന സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. 2015-16 വർഷം കൊൽക്കത്ത ആസ്ഥാനമാക്കിയുള്ള കമ്പനിയുമായി സത്യേന്ദർ ഹവാല ഇടപാട് നടത്തിയിരുന്നു. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിയിടം വാങ്ങാനെടുത്ത ലോൺ അടച്ചു തീർക്കാനും പണം ഉപയോഗിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ.