കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ നിഷിത് പ്രമാണിക്കെതിരെ അറസ്റ്റ് വാറന്റ്. 13 വർഷം മുമ്പുള്ള ജ്വല്ലറി മോഷണ കേസിലാണ് നടപടി. പശ്ചിമ ബംഗാളിലെ അലിപുർദ്വാർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. നേരത്തേ നോർത്ത് 24 പർഘാനയിലെ പ്രത്യേക കോടതിയിലായിരുന്ന കേസ് കൊൽക്കത്ത
ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് അലിപുർദ്വാറിലേക്ക് മാറ്റിയത്. നിഷിത് പ്രമാണിക്കിനെ കൂടാതെ മറ്റൊരു പ്രതിക്കെതിരെയും നവംബർ 11ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
രണ്ട് ജ്വല്ലറി സ്ഥാപനങ്ങൾ തകർത്ത് മോഷണം നടത്തിയെന്നാണ് കേസ്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിർപാരയിലെയും അലിപുർദർ റെയിൽവേ സ്റ്റേഷന് സമീപത്തെയും ജ്വല്ലറികളിലാണ് ആക്രമണം നടന്നത്. കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് നേരത്തെയും നിഷിത് പ്രമാണിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.