തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് അന്നത്തെ യുഡിഎഫ് എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്കയച്ച ശുപാർശ കത്തുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ കത്ത് തിരുവനന്തപുരം നഗരസഭാ ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സടിച്ച് സ്ഥാപിച്ചത് കോൺഗ്രസിന് കൂടുതൽ തലവേദനയായി.
‘വർഷങ്ങളായി കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും കേസ് വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്‌തക സമരമുൾപ്പെടെയുള്ള കേസിൽ അദ്ദേഹം കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും നൽകിയ സംഭാവന പരിഗണിച്ച് എസ് എസ് ബിജുവിനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നു’. 2011 ആഗസ്ത് 25ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഷാഫി പറമ്പിൽ എംഎൽഎ സ്വന്തം ലെറ്റർപാഡിൽ എഴുതിയ കത്താണ് ഫ്ലക്സടിച്ച് സ്ഥാപിച്ചത്.
ഷാഫി പറമ്പിലിന് പുറമെ കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി.ടി. തോമസിന് അയച്ച ശുപാർശ കത്ത്, ജോസഫ് വാഴക്കൻ, ടി.എൻ. പ്രതാപൻ, കെ.പി. ധനപാലൻ, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂർ, എൻ. പീതാംബരക്കുറുപ്പ്, ഷാഹിദ കമാൽ, ഹൈബി ഈഡൻ, കെ.എൻ.എ. ഖാദർ, എ.പി. അനിൽകുമാർ, സി.പി. ജോൺ, എം.എം. ഹസൻ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളുടെ ശുപാർശ കത്തും പുറത്തു വന്നിട്ടുണ്ട്.
‘കത്തുണ്ട് ജോലി വേണം’; യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത്