മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയുടെ അനധികൃത നിയമനങ്ങൾ പുറത്ത്. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ നിയമന വിവരങ്ങളാണ് പുറത്ത് വന്നത്. ജെബി മേത്തർ ഡയറക്ടറായ ഈ ആശുപത്രിയിൽ 248 അനധികൃത നിയമനങ്ങൾ നടത്തിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. ആശുപത്രി ഭരണസമിതിയായ കൊച്ചിൻ കോ–ഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ സൊസൈറ്റിയുടെ 2020–21ലെ സഹകരണവകുപ്പ് ഓഡിറ്റിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്.
നിയമനത്തിലും കണക്ക് സൂക്ഷിക്കുന്നതിലും പാട്ടക്കരാർ വ്യവസ്ഥ പാലിക്കുന്നതിലും സൊസൈറ്റി തുടർച്ചയായി ഗുരുതരവീഴ്‌ച വരുത്തുന്നതിനാൽ പ്രത്യേക അന്വേഷണം വേണമെന്നും സഹകരണസംഘം കണയന്നൂർ താലൂക്ക് അസിസ്‌റ്റന്റ് രജിസ്‌ട്രാർക്ക് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് നേതാവ് അജയ് തറയിൽ പ്രസിഡന്റായ സൊസൈറ്റിയിൽ തുടർച്ചയായി രണ്ടുതവണ ജെബി മേത്തർ ഡയറക്ടർ ബോർഡ് അംഗമാണ്.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിനെതിരെ മഹിളാ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളിൽ മുൻപന്തിയിലുള്ള നേതാവാണ് ജെബി മേത്തർ. എന്നാൽ കത്ത് വ്യാജമാണെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തൽ. വ്യാജരേഖ ചമക്കലിനെതിരെയും കേസെടുത്തേക്കും.
കഴിഞ്ഞ ദിവസം യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരും എംഎൽഎമാരും നടത്തിയ അനധികൃത നിയമന ശുപാർശയുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ജെബി മേത്തർ ഉൾപ്പെട്ട അനധികൃത നിയമനങ്ങളും പുറത്ത് വന്നത്. പാർട്ടിയിലെ പ്രമുഖരെ വെട്ടിയാണ് കെ സി വേണുഗോപാലിൻ്റെ വിശ്വസ്തയായ മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയതെന്ന ആരോപണവും ഉണ്ട്.
‘കത്തുണ്ട് ജോലി വേണം’; യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത്