തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. നിയമ വകുപ്പ് തയ്യാറാക്കി കൈമാറിയ ഓർഡിനൻസിനാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഗവർണർക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആണ് മന്ത്രിസഭാ യോഗം തീരുമാനം. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.
വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമോപദേശങ്ങൾ സർക്കാർ തേടിയിരുന്നു.
കേരളത്തിന് പുറമെ സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തുനിന്നും അത്തരത്തിൽ നിയമോപദേശങ്ങൾ തേടിയിരുന്നു. അതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.