മാധ്യമങ്ങൾക്ക് വിലക്കുമായി വീണ്ടും ഗവർണർ. വാർത്താസമ്മേളനത്തിൽ മീഡിയ വൺ, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോർട്ടർമാരോട് പുറത്ത് പോകാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആക്രോശിച്ചു.
മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്ന് ആരെങ്കിലും വാർത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കിൽ പുറത്ത് പോകണം. ഇവരോട് താൻ സംസാരിക്കില്ല. ഇവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിൽ താൻ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും, വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം. കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.
ഗവർണർ വിലക്കേർപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിപ്പോർട്ടർ ടിവി ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചു.