തിരുവനന്തപുരം: സംസ്ഥാനങ്ങൾ വായ്‌പയെടുത്ത് ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത് തടയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കടമെടുത്ത് സൗജന്യം നൽകാൻ അനുവദിക്കില്ല. തെറ്റായ രീതിയിൽ സംസ്ഥാനങ്ങൾ വായ്‌പയെടുക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരൻ അനുസ്മരണത്തിൽ സഹകരണ ഫെഡറലിസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനങ്ങളുടെ സാമ്പത്തികനില ഭദ്രമായിരിക്കണം. അനാവശ്യ കടം വരുംതലമുറയോടുള്ള പാതകമാണ്. മൂലധന നിക്ഷേപത്തിന് പണം നൽകാൻ കേന്ദ്രം തയ്യാറാണ്. ഭാവിയിൽ വരുമാനമുണ്ടാകുന്ന പദ്ധതികളാണ് വേണ്ടത്. എന്നാൽ, പല സംസ്ഥാനവും ഇതിനു തയ്യാറാകുന്നില്ല. കേന്ദ്രം നിരീക്ഷിക്കുമെന്നു പറഞ്ഞാണ് സംസ്ഥാനങ്ങൾ ഒഴിയുന്നത്. പണം നൽകിയാൽ കേന്ദ്രത്തിനു നിരീക്ഷിക്കാതിരിക്കാനാകില്ല. കേന്ദ്രമല്ലേ നിരീക്ഷിക്കുന്നത്, പാകിസ്ഥാനല്ലല്ലോ എന്നും അവർ ചോദിച്ചു.