മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഗവർണറോട് കൂറ് കാണിക്കുന്നില്ലെന്ന് ആരോപിച്ചാണ് കത്ത്. മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും വിദേശ യാത്രയിലും ഗവർണർ അതൃപ്തിയറിയിച്ചു. യാത്രാ വിവരം തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് എഴുതിയ കത്തിൽ ഗവർണർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തിൻ്റെ പകർപ്പും നൽകി. ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് വ്യാഴാഴ്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഗവർണർ ഇന്ന് ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണമെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ ഗവർണറുടേത് വെറും കളിപ്പീരായിരിക്കും. ഒരു വശത്ത് മാറിയിരുന്ന് പറഞ്ഞാൽ പോര.പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു.
ഗവർണറെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ്. തങ്ങൾ ഉന്നയിച്ച ആരോപണമാണ് ഗവർണർ പറയുന്നത്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോൺഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല എന്നും സുധാകരൻ പറഞ്ഞു.
സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം; ഗവർണറെ പിന്തുണച്ച് വീണ്ടും കെ സുധാകരൻ