പരാതിക്കാരിയെ മർദ്ദിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വഞ്ചിയൂരിലെ അഭിഭാഷകൻ്റെ ഓഫീസിൽ വച്ച് പരാതിക്കാരിയായ യുവതിയെ മർദിച്ചെന്നാണ് കേസ്. എൽദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനുമാണ് കേസിലെ പ്രതികൾ.
അതേസമയം ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാദിവസവും രാവിലെ ഒമ്പതുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. നേരത്തെ എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസമാകുന്നുവെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്.