ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന വകുപ്പുകളിലൊന്നാണ് റവന്യു. കർഷകരും ഭൂമിയുടെ ഉടമസ്ഥരുമെല്ലാം സ്ഥിരമായി ബന്ധപ്പെടുന്നു. എന്നാൽ, അവർക്ക് നല്ലതല്ലാത്ത അനുഭവം ചില ഓഫീസുകളിൽനിന്ന് ഉണ്ടാകുന്നുണ്ട്. അത്തരമൊരു പരാതിക്ക് ഇടവരില്ല എന്നതാണ് ഡിജിറ്റൽ റീസർവേയുടെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. റീസർവേയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറിയതനുസരിച്ച് ഉദ്യോഗസ്ഥ സംവിധാനവും മാറിയിട്ടുണ്ട്. ഇതറിയാതെ പ്രവർത്തിക്കുന്നവരെ സംരക്ഷിക്കില്ല. ഭൂവിനിയോഗത്തിന് കൃത്യമായ രൂപരേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമാണ് ഡിജിറ്റൽ റീസർവേ. എല്ലാ നടപടികളും സുതാര്യമായിരിക്കും. ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം. ആറു വർഷത്തിനുള്ളിൽ രണ്ടേകാൽ ലക്ഷം പട്ടയം വിതരണം ചെയ്തു. ലൈഫ് മിഷൻ കണക്കുപ്രകാരം സംസ്ഥാനത്ത് 3,41,095 ഭൂരഹിതരുണ്ട്. ഇവർക്ക് മൂന്നു സെന്റ് വീതമെങ്കിലും നൽകാൻ 10,500 ഏക്കർവേണം. ലാൻഡ് ബോർഡിലെ കേസുകൾ തീർപ്പാക്കിയാൽ 8210 ഏക്കർ ലഭിക്കും. നിലവിലുള്ള മിച്ചഭൂമി കേസുകൾകൂടി തീർക്കുന്നതോടെ മുഴുവൻപേർക്കും ഭൂമി നൽകാനാകും. ഇതിനായി സത്വര നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.