ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഏഴ് സർവകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടിസ് നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും നോട്ടിസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിലവിലുള്ള 6 വൈസ് ചാൻസലർമാരോടൊപ്പം, കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച വി.സി. ഡോ. മഹാദേവൻ പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഫണ്ട് തിരിമറി, ഗുരുതരമായ സ്വഭാവ ദൂഷ്യം എന്നീ ആരോപണങ്ങളിൽ, ഹൈക്കോടതിയിലെയോ സുപ്രീംകോടതിയിലെയോ ജഡ്ജിമാർ നേരിട്ട് അന്വേഷണം നടത്തണമെന്നും, തങ്ങൾ തെറ്റു ചെയ്തുവെന്ന് അവർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കാനാവൂ. അല്ലാതെ, ഇത്തരത്തിലുള്ള ഒരു കാരണംകാണിക്കൽ നോട്ടീസ് അയക്കാനുള്ള നിയമപരമായ അധികാരം ഗവർണർക്കില്ലെന്നും വൈസ് ചാന്‍സലര്‍മാര്‍ കോടതിയിൽ ചൂണ്ടിക്കാട്ടി.