തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാരോൺ രാജിൻ്റെ മരണത്തിൽ ഞായറാഴ്ചയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
റൂറൽ എസ്പി ഡി ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഗ്രീഷ്മയും കുടുംബവും എസ് പി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായത്.
ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. ഈ മാസം 25നായിരുന്നു ഷാരോണിൻ്റെ മരണം. സംഭവത്തിനു പിന്നാലെ മരണത്തിൽ ഷാരോണിൻ്റെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പാറശ്ശാല പോലീസ് അന്വേഷിച്ചിരുന്ന കേസിൽ എസ് പി ഡി ശിൽപ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഏറ്റെടുത്ത് ഇരുപത്തിനാല് മണിക്കൂറിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഷാരോണിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കാപിക് എന്ന കളനാശിനിയാണ് ഷാരോണിൻ്റെ ഉള്ളിൽച്ചെന്നതെന്ന് വ്യക്തമായി. ഇതിൽ കോപ്പർ സൾഫേറ്റ് സാന്നിധ്യമില്ലെന്നും എഡിജിപി എം ആർ അജിത്കുമാർ പറഞ്ഞു.
ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; ഗ്രീഷ്മ കുറ്റം സമ്മതിച്ചു