ബ്രസീലില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ടി നേതാവ് ലുല ഡ സില്‍വയ്ക്ക് ജയം. തീവ്രവലതുപക്ഷക്കാരനും ഇപ്പോഴത്തെ പ്രസിഡന്റുമായ ജെയ് ര്‍ ബൊല്‍സനാരോയെ പരാജയപ്പെടുത്തിയാണ് വിജയം. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ലുല 50.8 ശതമാനം വോട്ട് നേടിപ്പോള്‍ ബോള്‍സനാരോ 49.1 ശതമാനം വോട്ട് നേടി.
ഇത് മൂന്നാം തവണയാണ് ലുല ബ്രസീല്‍ പ്രസിഡന്റാവുന്നത്. ഇതിന് മുന്‍പ് 2003 മുതല്‍ 2006 വരെയും 2007 മുതല്‍ 2011 വരെയും ലുല ബ്രസീല്‍ പ്രസിഡന്റായിരുന്നു. ബ്രസീലിനെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിച്ച നേതാവാണ് ലുല. ലുലയുടെ വിജയത്തിൻ്റെ ഭാഗമായി ബ്രസീലില്‍ ആഘോഷങ്ങള്‍ തുടരുകയാണ്.
പ്രസിഡന്റ് പദവിയിലിരിക്കെ തെരഞ്ഞടെുപ്പില്‍ മത്സരിച്ച പരാജയപ്പെടുന്ന ആദ്യ പ്രസിഡൻ്റെന്ന നാണക്കേടുമായാണ് നിലവിലെ പ്രസിഡന്റ് ബോള്‍സനാരോയുടെ പടിയിറക്കം.
ഒക്ടോബർ രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും 50% ത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീണ്ടത്. ഒക്ടോബർ രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ എണ്ണിയ 99% വോട്ടുകളിൽ ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവ് ലുല ഡ സിൽവ വൻ മുന്നേറ്റം നടത്തിയിരുന്നു. ലുല 48.4 ശതമാനം വോട്ട് നേടിയപ്പോൾ തീവ്രവലതുപക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് ജയിർ ബോൾസനാരോയ്‌ക്ക് 43.2 ശതമാനം വോട്ടുകളാണ് നേടാനായത്.