തിരുവനന്തപുരം: അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നതിൽ നിന്ന് അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ടെൻഡർ, ഇ പ്രൊക്യൂർമെന്റ് എന്നിവ ഇതിനകം തയ്യാറായിട്ടുണ്ട്. ഇത് എല്ലാ സർക്കാർ ഏജൻസികൾക്കും നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് ബോധവൽക്കരണ വാചാരണത്തിൻ്റെയും വിവിധ നിർമാണങ്ങളുടെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന പ്രവൃത്തികളുടെ ചങ്ങലയിൽ വിള്ളൽ വീഴ്ത്തുന്ന അഴിമതിയെന്ന കണ്ണി പ്രതീകമായി മുറിച്ചുനീക്കിയായിരുന്നു ഉദ്ഘാടനം.
വിവിധ വകുപ്പുകളിലെ പദ്ധതികൾ പൂർത്തീകരിച്ച ശേഷം പാളിച്ചകൾ കണ്ടെത്തുന്ന സംവിധാനം ഒഴിവാക്കി അതാതു വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ പദ്ധതി നിർവഹണ വേളയിൽത്തന്നെ നടപടിയെടുക്കണം. ചില വകുപ്പുകളിൽ ഇപ്പോഴും ഒറ്റപ്പെട്ട അഴിമതിയുണ്ട്. വിജിലൻസ് പരിശോധന എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കണം. പരിശോധന നടന്നാൽ ആകെ അഴിമതിയെന്ന് അർഥമില്ല. അഴിമതി പൂർണമായി തുടച്ചുനീക്കാനുള്ള നടപടിയാണിത്.
ഇടനിലക്കാരെ സർക്കാർ സംവിധാനങ്ങളിൽ നിന്ന് പൂർണമായി ഒഴിവാക്കണം. അഴിമതി വലിയ തോതിൽ കുറയ്ക്കാനായെങ്കിലും പൂർണമായി ഇല്ലാതായിട്ടില്ല. ശേഷിക്കുന്ന പുഴുക്കുത്തുകൾ കൂടി ഇല്ലാതാക്കലാണ് ലക്ഷ്യം. അഴിമതിയുടെ ഉറവിടം കണ്ടെത്താനും സാധ്യതകളെ ഇല്ലാതാക്കാനും വിജിലൻസിനാകണം.
ഫയലുകൾ താമസിപ്പിക്കൽ, പൊതുജനങ്ങളെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കൽ എന്നിവയും അഴിമതിയാണ്. പഞ്ചിങ് സംവിധാനമടക്കം നടപ്പാക്കുന്നത് സേവനം എളുപ്പത്തിൽ ലഭ്യമാക്കാനാണ്. ഇതിനോട് പൊരുത്തപ്പെടാനാകാത്ത ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.