ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് യൂണിഫോം സിവിൽ കോഡിന് വേണ്ടിയും കെജ്രിവാൾ ശബ്ദമുയർത്തിയത്.
ഗുജറാത്തിലെ ഭാവ്നഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടത്. ഭരണഘടനയുടെ 44ാം അനുച്ഛേദം യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ നിർദേശിക്കുന്നുണ്ട്. ഇത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഗുജറാത്തിൽസിവിൽ കോഡ് നടപ്പാക്കാൻ സമിതി രൂപീകരിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ഇക്കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥയില്ലെന്നും കെജ്രിവാൾ പറഞ്ഞു.
രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്നത് സംഘപരിവാറിൻ്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യം കെജ്രിവാൾ ഇപ്പോൾ ഏറ്റെടുത്തതിന് പിന്നിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്ന് വിമർശനമുയർന്നു കഴിഞ്ഞു.