അന്തരിച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി സതീശൻ പാച്ചേനി അവസാന കാലത്ത് ജീവിച്ചത് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്ത്. പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ്ലൈഫിൽ ഇൻഷൂറൻസ് മാനേജരായാണ് സതീശൻ പാച്ചേനി തൻ്റെ അവസാനകാലത്ത് ജോലി നോക്കിയത്. കണ്ണൂർ ഡിസിസി പ്രസിഡന്റായിരിക്കെ സ്വന്തം വീട് വിറ്റ പണം കൊണ്ട് ഡിസിസി ഓഫീസ് നിർമ്മിച്ച പാച്ചേനിക്ക് അവസാന നാളുകളിൽ ഇൻഷൂറൻസ് കമ്പനികളിൽ ജോലിചെയ്യേണ്ടി വന്നത് കടുത്ത സാമ്പത്തിക ബാധ്യതകൾ മൂലമാണ്.
രാജ്യസഭയിലേക്ക് എ കെ ആൻറിണിയുടെ ഒഴിവിൽ പരിഗണിക്കപ്പെടുമെന്ന് കരുതിയെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ പാച്ചേനി തഴയപ്പെട്ടു. പകരം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ നോമിനി ജെബി മേത്തർക്ക് കോൺഗ്രസ് സീറ്റ് നൽകി. ഇതോടെ പാച്ചേനിക്ക് പാർട്ടിയിലും പാർലെമെൻ്ററി രംഗത്തും ചുമതലകൾ ഇല്ലാതായി.
ബാങ്കിലും മറ്റു ബാധ്യതകളും ഒക്കെയായി സതീശൻ പാച്ചേനിക്ക് പത്തുലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഡിസിസി ഓഫീസ് നിർമിക്കാൻ സ്വന്തം വീടുപോലും നഷ്ടപ്പെടുത്തിയ പാച്ചേനിയെ കോൺഗ്രസ് നേതൃത്വം സഹായിച്ചിരുന്നില്ല. ബാധ്യതകൾ തീർക്കാനാണ് പാച്ചേനി ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്തത്.
കഴിഞ്ഞ ജൂൺ മുതലാണ് ഇൻഷൂറൻസ് മാനേജരായി ജോലി ചെയ്തു വന്നിരുന്നത്. മെറ്റ്ലൈഫ് ഇൻറൂഷറൻസിലേക്ക് നിക്ഷേപകരെ ആകർഷിക്കലും ഫീൽഡ് വർക്കിലേക്കായി പുതിയ ആളുകളെ എടുക്കുന്നതുമായിരുന്നു അദ്ദേഹത്തിൻ്റെ ജോലി. അവിടെ അദ്ദേഹം തൊഴിലാളിയായിരുന്നു. സാലറിയും ഇൻസെൻറീവും അദ്ദേഹത്തിനുണ്ടായിരുന്നു. ബാങ്കിലെ ഏറ്റവും നല്ല ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സതീശൻ പാച്ചേനിയെന്ന പിഎൻബി മെറ്റ് ലൈഫ് മാനേജർ പറഞ്ഞു.
കഴിഞ്ഞ വ്യാഴയാഴ്ച 11:30 ഓടെയായിരുന്നു പാച്ചേനിയുടെ മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന്, വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഒക്ടോബർ 19ന് രാത്രി പതിനൊന്നു മണിയോടെയാണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡികൽ കോളജിൽ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടർമാരുടെതടക്കമുള്ള നിർദേശ പ്രകാരം ചികിത്സ തുടരുകയായിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ പാച്ചേനി അന്തരിച്ചപ്പോൾ മൃതശരീരം ആദ്യം എത്തിച്ചത് തറവാട് വീട്ടിലും പിന്നീട് ഡിസിസി ഓഫീസിലുമായിരുന്നു.
പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ് യൂണിറ്റ് പ്രസിഡന്റായാണ് പാച്ചേനി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ് യൂണിറ്റ് പ്രസിഡന്റായി. കെഎസ് താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂരിൽ നിന്ന് കെഎസ് സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. 2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായി.