സര്‍ക്കാര്‍ – ഗവര്‍ണര്‍ ഏറ്റുമുട്ടലില്‍ ഒത്തുതീര്‍പ്പിന് ഗവര്‍ണറുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇത് വെറും സൗന്ദര്യപ്പിണക്കമല്ല. ഗവര്‍ണറുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന പ്രശ്നങ്ങള്‍ രാഷ്ട്രീയപരമായും നിയമപരമായും ഭരണഘടനാപരമായും കൈകാര്യം ചെയ്യുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
രാജ്യത്ത് ബിജെപി വിരുദ്ധ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഗവര്‍ണര്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവടക്കം ഈ വിഭാഗത്തില്‍പ്പെടുന്നു.
തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളെ കയറ്റില്ലെന്ന് ഗവര്‍ണര്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു വിഭാഗം മാധ്യമങ്ങള്‍ ചാടിക്കയറി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇത് മാധ്യമങ്ങളുടെ തെറ്റായ സമീപനമാണ് വെളിവാക്കുന്നത്. ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ബഹിഷ്കരണം ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ സമീപനം ഫാസിസ്റ്റ് രീതിയാണ്. അതിന് ചില മാധ്യമങ്ങള്‍ കൂട്ടുനിന്നുവെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.