കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകന് കൈകൂലി കൊടുക്കാൻ ശ്രമിച്ചെന്ന് ആരോപണം. രണ്ടര ലക്ഷം രൂപയാണ് ബസവരാജ ബൊമ്മെ കൈക്കൂലിയായി നൽകാൻ ശ്രമിച്ചത്. ദീപാവലി മധുരത്തോടൊപ്പം പെട്ടിയിലാക്കിയാണ് പണം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരനാണ് പണം അടങ്ങിയ പെട്ടി സംസ്ഥാനത്തെ ഒരു മാധ്യമ പ്രവർത്തകൻ്റെ ഓഫീസിൽ എത്തിച്ചത്.
‘പെട്ടി തുറന്നപ്പോൾ മധുരത്തോടൊപ്പം പണമടങ്ങിയ കവർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചു’ എന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുമുള്ള ഇത്തരം പ്രവർത്തിയിൽ അതൃപ്തി ഉണ്ടെന്നും പെട്ടി സ്വീകരിക്കാതെ തിരിച്ചയക്കുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഒരു പൊളിറ്റിക്കൽ വാർത്താ ലേഖകനായ തനിക്ക് ഇത്രയും കാലത്തിനിടയിൽ ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല എന്നും ചൂണ്ടി കാണിച്ച് മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ബസവരാജ ബൊമ്മെ തനിക്കും പണപ്പെട്ടി നൽകിയെന്ന് മറ്റൊരു മാധ്യമ പ്രവർത്തകൻ ദ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു. മധുരമടങ്ങിയ പെട്ടിയിൽ ഒരു ലക്ഷം രൂപയുമുണ്ടായിരുന്നു ഞാൻ എൻ്റെ എഡിറ്ററെ അറിയിക്കുകയും ഇതൊന്നും ശരിയല്ലെന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് മെയിൽ അയക്കുകയും ചെയ്യ്തു എന്ന് അദ്ദേഹം പറഞ്ഞു.
ബസവരാജ ബൊമ്മെ നിരവധി മാധ്യമ പ്രവർത്തകരെ പണവും സ്വർണവും കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെയും ബിജെപിക്കെതിരെയും രംഗത്തെത്തി.