നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനും സുഹൃത്ത് ശരത്തിനുമെതിരെ ചുമത്തിയ അധിക കുറ്റം നിലനില്‍ക്കുമെന്ന് കോടതി. അധിക കുറ്റം ചുമത്തിക്കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്
കോടതി വിധി. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് സുപ്രധാന വിധി.
പ്രതികള്‍ക്കെതിരെ തിങ്കളാഴ്ച കുറ്റം ചുമത്തും. ഇതിനായി രണ്ട് പ്രതികളോടും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതിന് ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ഫോണിലെ വിവരങ്ങള്‍ തെളിവുകള്‍ നശിപ്പിച്ചെന്നായിരുന്നു പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബില്‍ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ്റെ കേസ്.
എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തില്‍ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ കോടതി ഇത് തള്ളി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിൻ്റെ സുഹൃത്തായ ശരത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
‘സത്യം ജയിക്കുന്നതിൻ്റെ തുടക്കം’; ഈ വിധി പ്രതീക്ഷിച്ചിരുന്നതാണെന്ന് ബാലചന്ദ്രകുമാര്‍