ജില്ലകൾ തോറുമുള്ള മന്ത്രിമാരുടെ പ്രസംഗങ്ങളും പ്രസ്താവനകളും ശേഖരിച്ച് രാജ്ഭവനു കൈമാറാനൊരുങ്ങി മനോരമ. ഗവർണറുടെ ഭീഷണിയും അമിതാധികാരപ്രയോഗവും തരിമ്പും വകവെയ്ക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണ് രാജ്ഭവന് മനോരമ സഹായഹസ്തം നീട്ടുന്നത്. മന്ത്രിമാരെ നിരീക്ഷിക്കാൻ ഗവർണർ എന്ന ഭീഷണി വാർത്തയിലൂടെ തങ്ങൾക്കു കിട്ടിയ ദൗത്യം പത്രം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിമാർ നടത്തുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നിരീക്ഷിക്കാൻ രാജ്ഭവൻ നടപടി തുടങ്ങിയെന്നാണ് വാർത്തയിൽ പറയുന്നത്. എന്നാൽ ജില്ലതോറും വാർത്തകൾ ശേഖരിക്കാൻ രാജ്ഭവന് സ്വന്തം സംവിധാനമൊന്നുമില്ല. പിആർഡിയാകട്ടെ സർക്കാരിൻ്റെ നിയന്ത്രണത്തിലുമാണ്. മാധ്യമസ്ഥാപനങ്ങൾ വഴി മാത്രമേ രാജ്ഭവന് ഈ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂ. തങ്ങൾക്ക് അത്തരമൊരു ചുമതല ലഭിച്ചുവെന്ന കാര്യം പരസ്യമാക്കുകയാണ് മനോരമ.
ഈ വാർത്തകൾ ശേഖരിച്ച് രാജ്ഭവൻ എന്തു ചെയ്യുമെന്ന് പക്ഷേ, വാർത്തയിലില്ല. ആവർത്തിച്ചു ഭീഷണി മുഴക്കിയിട്ടും ഗവർണറെ പരസ്യമായി വിമർശിച്ചുകൊണ്ട് മന്ത്രിമാർ രംഗത്തുണ്ട്. ഇതൊന്നും തരിമ്പും വകവെയ്ക്കില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ഇടതുമുന്നണിയും പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു. ധനമന്ത്രിയിൽ അപ്രീതി രേഖപ്പെടുത്തിയ ഗവർണറുടെ കത്തിനെ പുച്ഛിച്ചു തള്ളുകയായിരുന്നു മുഖ്യമന്ത്രി. ഗവർണർക്കെതിരെ രാജ്ഭവൻ വളയൽ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോവുകയാണ് ഇടതുമുന്നണി. ഗവർണറുടെ പ്രവർത്തനത്തിലുള്ള അതൃപ്തിയും വിമർശനവും മന്ത്രിമാരും പരസ്യമാക്കിക്കഴിഞ്ഞു.
ഉടനടി രാജിവെയ്ക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നൽകി അന്ത്യശാസനവും ആരും വകവെച്ചില്ല. തിരിച്ചടി ഉറപ്പായതോടെ, രാജി വെയ്ക്കാൻ വിസിമാരോട് അപേക്ഷിക്കുകയാണ് ചെയ്തത് എന്ന വിചിത്രന്യായം പറഞ്ഞാണ് കോടതിയിൽ ചാൻസലറുടെ അഭിഭാഷകൻ തടിയൂരിയത്.
ഗവർണറുടെ ഭീഷണിയും വിരട്ടലുമൊന്നും പുച്ഛിച്ചു തള്ളുകയാണ് കേരളം. എന്നിട്ടും രാജ്ഭവൻ എന്തൊക്കെയോ ചെയ്തുകളയും എന്ന ധാരണ പരത്താനാണ് മനോരമയടക്കമുള്ള മാധ്യമങ്ങളുടെ ശ്രമം. ഈ വിടുപണിയ്ക്കുള്ള കൂലി രാജ്ഭവനിൽ നിന്നാണോ സംഘപരിവാറിൽ നിന്നാണോ എന്നു മാത്രമാണ് സംശയം.