തിരുവനന്തപുരം: ഭരണഘടനയിൽ പറയുന്ന പ്രീതി ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നതെന്നും കേരളത്തിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ എങ്ങനെ മാറ്റാമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആ നിലപാടുകൾ എങ്ങനെ കേരളത്തിൽ നടപ്പാക്കാനാകുമെന്ന് നോക്കുകയാണ് ഗവർണർ. ഗവർണറുടെ കത്തിന് വ്യക്തത വരുത്തി മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിൽ ഭരണഘടനാ തലപ്പത്തിരിക്കുന്ന ആൾ പ്രവർത്തിക്കുന്നതിന്റെ വീഴ്ചയാണ് ഗവർണർ തെരഞ്ഞെടുത്തവരെ മാത്രം വാർത്താസമ്മേളനത്തിൽ പങ്കെടുപ്പിച്ച രീതി. ഗവര്‍ണര്‍ ഒരു വിഭാഗം മാധ്യമങ്ങളെ പത്രസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് മുന്നിലിരുന്നു. മാധ്യമങ്ങൾ മര്യാദ കാണിച്ചില്ല. ഗവർണറുടെ ഫാസിസ്റ്റ് നടപടി അംഗീകരിച്ച മാധ്യമങ്ങളുടേത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളം നിർമ്മിച്ച നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഗവർണർ ചാൻസിലർ പദവിയിൽ ഇരിക്കന്നത് എന്നോർക്കണം. ഗവർണറെ ചാൻസിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒരു സാധ്യതയും വിട്ടുകളായില്ല. ഭരണപരവും നിയമപരവുമായ വഴിയിൽ ഗവർണർ വരണം. ഗവർണർക്ക് കീഴടങ്ങില്ലെന്നും യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.