രാജ്ഭവൻ ആക്രമിച്ച് സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ നിന്ന് മുതലെടുക്കാൻ ബിജെപി ഒരുങ്ങുന്നുവെന്ന് സൂചന. രാത്രിയിൽത്തന്നെ രാജ്ഭവനു നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയിരിക്കുന്ന വിവരം. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സിപിഎമ്മിൻ്റെ തലയിലിടാൻ ബിജെപിയിലെ ഒരു വിഭാഗം പദ്ധതി തയ്യാറാക്കിയതായാണ് വിവരം.
ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം തെരുവിലേയ്ക്ക് കൊണ്ടു വന്നാലേ വഷളാക്കാൻ കഴിയൂ എന്നാണ് ബിജെപിയിലെ ഒരു വിഭാഗം കണക്കുകൂട്ടുന്നത്. ഗവർണർ ആക്രമിക്കപ്പെട്ടാൽ ക്രമസമാധാനത്തകർച്ച ആരോപിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ഗവർണറെ തൊട്ടാൽ സർക്കാരിനെ പിരിച്ചുവിടണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയും അണിയറയിൽ അരങ്ങേറുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇന്റലിജൻസിൻ്റെ വിലയിരുത്തൽ. പ്രശ്നം തെരുവിലെത്തിക്കാനുള്ള ബിജെപി തീരുമാനത്തിൻ്റെ ഭാഗമാണ് കെ സുരേന്ദ്രൻ്റെയും പി കെ കൃഷ്ണദാസിൻ്റെയും പ്രസ്താവകൾ എന്നും സംശയിക്കപ്പെടുന്നു.
ഗവർണറുടെ ആവശ്യം അംഗീകരിച്ച് ധനമന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ ഭരണഘടനയുടെ 356-ാം വകുപ്പ് അനുസരിച്ച് മന്ത്രിസഭയെ പിരിച്ചുവിടും എന്ന ഭീഷണിയാണ് കൃഷ്ണദാസ് മുഴക്കിയത്.
രഹസ്യാന്വേഷണ പോലീസിൻ്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് രാജ്ഭവന് കൂടുതൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.