സര്‍വകലാശാല വി സി മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ഗവര്‍ണര്‍ സംഘപരിവാറിൻ്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും അക്കാദമിക് മികവിൻ്റെ ഉയരങ്ങളിലേക്ക് നീങ്ങുന്ന സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി. ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം തന്നെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമാന്യ നീതി നിഷേധിക്കുന്ന അമിതാധികാര പ്രവണത അനുവദിച്ചുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളമായി സര്‍വകലാശാലകളെ മാറ്റിയെടുക്കലാണ് ലക്ഷ്യം. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യസ മേഖലയെ ഹിന്ദുത്വ വര്‍ഗീയവാദത്തിന് തീറെഴുതാന്‍ പലകാരണങ്ങള്‍ കൊണ്ടും താത്പര്യമുണ്ടാകാം. എന്നാല്‍ അത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ജനാധിപത്യ മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല, മോഹിക്കേണ്ടതില്ല.
വി സി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ അതിൻ്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവര്‍ണര്‍ക്കാണെന്നും അങ്ങനെയെങ്കില്‍ ഗവര്‍ണറാണ് ചാന്‍സലര്‍ പദവി ഒഴിയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത അധികാരം പ്രയോഗിച്ചുകളയാമെന്ന് കരുതരുത്. അത് ഉത്തരം താങ്ങുന്നത് ഞാനാണെന്ന് കരുതുന്ന മൗഢ്യമാകും. താന്‍ ചാന്‍സലറായ സര്‍വകലാശാലകള്‍ക്ക് നിലവാരമില്ലെന്ന് പറയുന്ന ഗവര്‍ണര്‍ ചാന്‍സലര്‍ പദവിക്ക് തന്നെ യോജ്യനാണോ?
ജനാധിപത്യ ദത്തമായ അധികാരമുള്ള മന്ത്രിസഭ സംസ്ഥാനത്തുണ്ട്. അതിനുമേലെ അല്ല നോമിനേറ്റഡ് സംവിധാനങ്ങള്‍. ചാന്‍സലര്‍ സ്ഥാനം ജനാധിപത്യ വ്യവസ്ഥ കനിഞ്ഞു നല്‍കിയ ഉദാരതയാണ്. അതിന് ആ സ്ഥാനങ്ങള്‍ എപ്പോഴും തിരിച്ചെടുക്കാവുന്നതേയുള്ളൂ. അത് ഇപ്പോഴും തിരിച്ചെടുക്കാത്തത് ഉയര്‍ന്ന ഉദാരമനോഭാവം കൊണ്ടാണ്. ഭയം കൊണ്ടല്ല. സര്‍വകലാശാലകളെ സ്തംഭിപ്പിക്കാനുള്ളതല്ല ചാന്‍സലര്‍ സ്ഥാനം.
വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അതിന് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്രശക്തികള്‍ക്ക് ചാന്‍സലര്‍ പദവി ഉപയോഗിച്ച് കൂട്ടുനില്‍ക്കരുത്. ചാന്‍സലറുടെ ഈ അസാധാരണ നടപടികള്‍ അത്തരത്തിലുള്ളതാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ക്കാനുള്ള നീക്കമാണിത്.
ഗവര്‍ണര്‍ നിയമവും നീതിയും മറക്കുന്നു.അതിൻ്റെ ഭാഗമാണ് വിസി മാരോട് രാജി ആവശ്യപ്പെട്ടത്. ഇതിനര്‍ത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സലര്‍ പദവി ദുരുപയോഗിക്കുന്നു എന്നാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിൻ്റെ അന്തസത്തയെ നിരാകരിക്കുന്നതുമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെയും സര്‍വകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരത്തിലുള്ള അമിതാധികാര പ്രവണത അംഗീകരിക്കാനാകില്ല. ഗവര്‍ണര്‍ പദവി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതല്ല. അത് സര്‍ക്കാരിനെതിരായ നീക്കം നടത്താനുമുള്ളതല്ല. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അധികാരങ്ങളും ചുമതലകളും ഭരണഘടനയുടെ അന്തസ് സംരക്ഷിക്കാനാണ് ഉപയോഗിക്കേണ്ടത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച എല്ലാ വി സി മാരും ഒന്നിനൊന്ന് മികച്ചതാണ്. അക്കാദമിക് യോഗ്യതകള്‍ ഗൗരവമായി തന്നെ പരിഗണിച്ചുകൊണ്ടാണ് എല്ലാ വൈസ് ചാന്‍സലര്‍മാരുടെയും നിയമനം സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പിന്നില്‍ ഈ വി സി മാരുടെ പങ്കും നിര്‍ണായകമാണ്.
ഗവര്‍ണറുടെ ഇപ്പോഴത്തെ ഇടപെടല്‍ സ്വാഭാവിക നീതിയുടെ ലംഘനമാണ്. വി സി മാരുടെ നിലപാട് പോലും കേള്‍ക്കാതെയാണ് ഗവര്‍ണറുടെ നടപടി. കെ ടി യു കേസിലെ കേവല സാങ്കേതികതിയിലൂന്നിയാണ് ഗവര്‍ണര്‍ വി സി മാരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത. കെ ടി യു കേസിലെ വിധി ആ യൂണിവേഴ്‌സിറ്റിക്ക് മാത്രമാണ് ബാധകമാകുന്നത്. അത് എല്ലാ വി സി മാര്‍ക്കും ബാധകമാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ രാജി ആവശ്യത്തിന് നിയമപരമായ സാധൂകരണമില്ല.
വി. സി മാരെ നീക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ആ നടപടികള്‍ പാലിച്ചുവേണം നടപടികള്‍ സ്വീകരിക്കേണ്ടത്. സര്‍വകലാശാലാ നിയമത്തില്‍ വി സിയെ പിരിച്ചുവിടാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ല. നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി പദവിക്ക് നിരക്കാത്ത സമീപനമാണ്. തൻ്റെ കടമ നിര്‍വഹിക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണ്. നിയമസഭയോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.