കൊച്ചി: ബലാത്സംഗക്കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഒളിവിൽ കഴിഞ്ഞത് പറവൂരിലെ വീട്ടിൽ എന്ന വെളിപ്പെടുത്തലുമായി പറവൂർ സ്വദേശി ബാബു ജോൺ. തരാനുള്ള പണം ചോദിച്ച് സുഹൃത്തിൻ്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു എൽദോസിനെ കണ്ടത്. പണത്തെ ചൊല്ലി സുഹൃത്തുമായി ഉണ്ടായ തർക്കത്തിനിടെ എൽദോസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബാബു ജോൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ 16-ാം തീയതിയായിരുന്നു പരാതിയുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. ബാബു ജോണിൻ്റെ പക്കൽ നിന്നും ഹോട്ടൽ ഉടമയായ ജിബി 2013ൽ പണം കടം വാങ്ങിയിരുന്നു. പണം തിരികെ വാങ്ങാൻ ബാബു ജിബിയുടെ വീട്ടിൽ ചെന്നപ്പോഴായിരുന്നു എൽദോസ് കുന്നപ്പിള്ളിയും ജിബിയും മറ്റു രണ്ടു പേരും ഹാളിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ടത്. ഈ സമയത്തൊക്കെ ബലാത്സംഗക്കേസിലെ പ്രതിയായ എംഎൽഎ ഒളിവിൽ കഴിയുന്ന സമയമായിരുന്നു. അതിന് ശേഷം ജിബിയുമായി സംസാരിച്ചപ്പോൾ ഹോട്ടൽ വളരെ നഷ്ടത്തിലാണ് വിറ്റതെന്നും പകുതി പൈസ മാത്രമേ തരൂ എന്നും ജിബി പറയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. ജിബിയുടെ ഭാര്യ അനിത സോസ്പാൻ ഉപയോഗിച്ച് തലയിൽ അടിച്ചു. ഈ സമയത്ത് എൽദോ ഇടപെടുകയും പോലീസിൽ കേസ് കൊടുക്കുകയാണെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബാബു ജോൺ പറവൂർ സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.