ഗുജറാത്തിൽ പൊതുമധ്യത്തിൽ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിനും പൊലീസുകാർക്കും ഹൈക്കോടതി നോട്ടീസ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എ ജെ ശാസ്ത്രി എന്നിവരാണ് 15 പൊലീസുകാർക്ക് നോട്ടീസ് അയച്ചത്. മർദനമേറ്റ യുവാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. ജാഹിർമിയ മാലിക്, മദാബാനു മാലിക്, സഹദ്മിയ മാലിക്, സകിൽമിയ മാലിക്, ഷാഹിദ് മാലിക് എന്നിവരാണ് ഹർജി നൽകിയത്.
ഒക്ടോബർ നാലിനാണ് നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ പൊലീസ് പരസ്യമായി തല്ലിച്ചതച്ചത്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് സംഭവം. യുവാക്കളെ അറസ്റ്റ് ചെയ്ത ശേഷം തൂണിനോട് ചേർത്തുപിടിച്ച് പൊതുമധ്യത്തിൽ മർദ്ദിക്കുകയായിരുന്നു. മഫ്തിയിലെത്തിയ പൊലീസുകാരാണ് യുവാക്കളെ തല്ലിച്ചതച്ചത്. പൊലീസുകാരുടെ നടപടിയെ ചുറ്റും കൂടിയ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഖേഡാ ഇൻസ്പെക്ടർ എ വി പാർമറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് നിയമ വിരുദ്ധ പ്രവർത്തനം നടത്തിയത്. പൊതുജനങ്ങളോട് യുവാക്കൾ മാപ്പുപറയണമെന്നും പോലീസ് നിർദേശിച്ചിരുന്നു.
ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും സംഭവം പുറത്തുവിട്ടിട്ടുണ്ട്. ‘കല്ലെറിഞ്ഞ പ്രതികളെ ഖേഡ പൊലീസ് തൂണിൽ കെട്ടി, പൊതുജനമധ്യേ ചൂരൽ കൊണ്ടടിച്ചു, ജനക്കൂട്ടം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു’ എന്ന കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.
മുസ്ലിം യുവാക്കളെ പൊതുമധ്യത്തിൽ കെട്ടിയിട്ട് തല്ലിച്ചതച്ച് ഗുജറാത്ത് പോലീസ്