വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം തേടിയുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന ജില്ലാ കോടതി വിധിക്കെതിരായ അപ്പീല്‍ അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്‍ജുമാന്‍ ഇന്താസാമിയ മസ്ജിദ് കമ്മിറ്റി നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുക.
തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി സിവിൽ നടപടി ചട്ടത്തിലെ ഓർഡർ 7 റൂൾ 11 പ്രകാരമുള്ള ഹർജിയായതിനാൽ മസ്ജിദ് കമ്മിറ്റിയുടെ അപ്പീലിൻ്റെ സാധ്യത പരിമിതമാണെന്ന് വാക്കാൽ നിരീക്ഷിച്ചിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇന്ന് ഹാജരാക്കാൻ മസ്ജിദ് കമ്മിറ്റിക്ക് കോടതി നിർദേശം നൽകിയിയിട്ടുണ്ട്. ജസ്റ്റിസ് ജെ. ജെ മുനിർ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
1991ലെ ക്ഷേത്രാരാധന സ്ഥല നിയമപ്രകാരവും, 1995ലെ വഖഫ് നിയമപ്രകാരവും കാശി വിശ്വനാഥ ക്ഷേത്ര നിയമപ്രകാരവും ഹിന്ദു കക്ഷികള്‍ നല്കിയ ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 12നായിരുന്നു വാരണാസി ജില്ലാ കോടതി വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി. വാരണാസി കോടതിയിലെ നിലവിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗ സമാനമായ രൂപത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് അടക്കമുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം ഇതേ ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.