സമൂഹത്തിന് മുന്നിൽ നമ്മളാരും പരിഹാസ്യരാകരുതെന്നും ആരും ആരെയും വിമർശിക്കാൻ പാടില്ല എന്നൊരു നില പൊതുവെ സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്നൊരു കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവർണറുടെ ഭീഷണിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്ന രീതിയല്ല. വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. നമ്മുടെ രാജ്യം ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ്. പാർലമെൻററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെ കർത്തവ്യവും കടമയും എന്തെല്ലാമാണ് എന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കർത്തവ്യവും കടമകളും എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. കോടതിവിധികളിലൂടെ അതിന് കൂടുതൽ വ്യക്തത വന്നിട്ടുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തം.
ഡോ. അംബേദ്കർ തന്നെ പറഞ്ഞത്, ഗവർണറുടെ വിവേചന അധികാരങ്ങൾ ‘വളരെ ഇടുങ്ങിയതാണ്’ എന്നാണ്. ദൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള കേസിൽ ‘മന്ത്രിസഭയുടെ ഉപദേശം പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്’ എന്നത് സുപ്രിംകോടതി എടുത്തു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്.
മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്തു സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളും ആണ്. ഇതൊന്നും അല്ല നമ്മുടെ ഭരണഘടന എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അത് ഭരണഘടനാവിരുദ്ധം ആവില്ലേ? നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആവഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത് സാധുവായ കാര്യം എന്ന് പറയാനാവില്ല. സാധു ആവുകയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.