സംസ്ഥാനത്തിൻ്റെ മുന്നോട്ടു പോകിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക എന്നിവയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ –
സംസ്ഥാനത്തിൻ്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇത്തരം ഒരു യാത്ര പ്ലാൻ ചെയ്തത്. അത് പൂർണമായും തന്നെ പൂർത്തിയാക്കാനായിട്ടുണ്ട്. അഭിമാനത്തോടെ പറയട്ടെ, ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന് സ്വായത്തമായിട്ടുണ്ട്.
പഠനഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാളി സമൂഹവുമായുള്ള ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ എന്നിവയാണ് സന്ദർശനത്തിൻറെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദർശനത്തിൻറെ ഭാഗമായി ഉണ്ടായത്.
ഫിൻലൻഡ്, നോർവ്വേ, യു കെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. യു കെയുടെ തന്നെ ഭാഗമായ വെയിൽസിലും കൂടിക്കാഴ്ചകൾ നടത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫസ്സർ വികെ രാമചന്ദ്രനും സംഘത്തിൽ ഉണ്ടായിരുന്നു.
ഞങ്ങൾ പങ്കെടുത്ത ഒരു പ്രധാന പരിപാടി ലോക കേരള സഭയുടെ മേഖലാ സമ്മേളനമാണ്. ഒക്ടോബർ 9ന് ലോക കേരള സഭയുടെ യൂറോപ്പ് ആൻഡ് യുകെ മേഖല സമ്മേളനവും യുകെയിലെ മലയാളി പ്രവാസി സമ്മേളനവും ലണ്ടനിൽ നടക്കുകയുണ്ടായി.
സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി കേരളത്തെ മാറ്റുക, വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവാസി സമൂഹത്തിൻ്റെ പിന്തുണ ആ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ, വിദ്യാർഥി കുടിയേറ്റം, യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻറ്, പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവർത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവർക്ക് കൂടുതൽ സേവനങ്ങൾ നാട്ടിൽ ലഭ്യമാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, സ്കിൽ മാപ്പിംഗ് ഉൾപ്പെടെ സാധ്യമാക്കുന്ന രീതിയിൽ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തു. ഈ നിർദ്ദേശങ്ങൾ ലോക കേരള സഭാ സെക്രട്ടറിയേറ്റ് പരിശോധിച്ച് സർക്കാരിനു കൈമാറും.
സമ്മേളനത്തിൽ വച്ച് കേരളത്തിൽ നിന്നുളള ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യു.കെ യിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനുള്ള അർത്ഥവത്തായ ഇടപെടൽ സാധ്യമായി. ഇതിനു വേണ്ടി, യു.കെ.യിലെ ദേശീയ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഇൻറഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ഹംബർ ആൻഡ് നോർത്ത് യോക്ക് ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പ് നോർത്ത് ഈസ്റ്റ് ലിങ്കൺ ഷെയറിലെ ഹെൽത്ത് സർവീസിൻ്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായി നോർക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. 2022 ജൂലൈ 1 ന് യു.കെയിൽ നിയമംമൂലം നിലവിൽ വന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുകൾ. ഈ ധാരണാപത്രത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിരുന്നു. അവരുടെ ഭേദഗതികൾ കൂടി ഉൾക്കൊള്ളിച്ച ധാരണാപത്രമാണ് ഒപ്പുവച്ച് ചടങ്ങിൽ കൈമാറിയത്.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറിൽ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി 3000 ലധികം ഒഴിവുകളിലേക്ക് ഇതുവഴി തൊഴിൽ സാധ്യത തെളിയും. അടുത്ത മൂന്ന് വർഷത്തേക്ക് യുകെയിൽ 42,000 നഴ്സുമാരെ ആവശ്യം വരുമെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
അതിൽ മുപ്പതു ശതമാനവും മാനസിക പരിചരണ രംഗത്താണ്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഇത്തരം ജോലികളിലേക്ക് നേരത്തെ എത്തിയിരുന്നത്. ബ്രെക്സിറ്റ് വന്നതോടെ ആ സാധ്യത അടഞ്ഞു. അതുകൊണ്ടാണ് നമ്മുടെ നഴ്സുമാരുൾപ്പെടേയുള്ള ആരോഗ്യ പ്രവർത്തകർക്ക് പുതിയ അവസരം ലഭ്യമാകുന്നത്. ഈ സാധ്യത പ്രയോജനപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തും.
ഒപ്പുവച്ച കരാർ പ്രകാരം നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് മാത്രമല്ല ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും ഇതര രംഗത്തുള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇൻറർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഓ ഇ ടി /ഐ ഇ എൽ ടി എസ് എന്നിവ ഇല്ലാതെതന്നെ ഉപാധികളോടെ, ഓഫർ ലെറ്റർ ലഭിക്കുന്നതിനും നോർക്ക റൂട്ട്സ് വഴി അവസരമൊരുങ്ങും. ഓഫർ ലെറ്റർ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാൽ മതിയാകും.
ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച പുരോഗതിയുടെ തെളിവാണ് കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ആഗോള തൊഴിൽ മേഖലയിൽ ലഭിക്കുന്ന അവസരങ്ങളും ആദരവും. ഇനിയും അന്താരാഷ്ട്ര തലത്തിൽ ആരോഗ്യപ്രവർത്തകർക്കുള്ള തൊഴിൽ സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. കോവിഡാനന്തരം ആ ഡിമാൻറ് വർദ്ധിച്ചിരിക്കുകയാണ്. ഈ തൊഴിലവസരങ്ങൾ പരമാവധി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെൻറുകൾ, വീസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവ സമീപകാലത്ത് നാം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ഇത് തടയാൻ ‘ഓപ്പറേഷൻ ശുഭയാത്ര’ എന്ന പ്രത്യേക പരിപാടി തന്നെ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. കൃത്യവും പഴുതുകളില്ലാത്തതുമായ റിക്രൂട്ട്മെൻറ് സാധ്യമാവുക എന്ന നമ്മുടെ ആവശ്യം സാധ്യമാകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ് യുകെ സന്ദർശനത്തിലെ നേട്ടങ്ങൾ.
ലണ്ടനിൽ വെച്ച് ലോർഡ് മേയർ ഓഫ് ലണ്ടനുമായി കൂട്ടിക്കാഴ്ച നടത്തി. ഫിൻടെക്ക് സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റവുമായി സഹകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും കേരളത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ചും ചർച്ച നടത്തി.
വെയിൽസ്
വെയിൽസിൽ കേരള പ്രതിനിധി സംഘം ഫസ്റ്റ് മിനിസ്റ്റർ മാർക് ഡ്രെയ്ക്ഫോഡിനെ സന്ദർശിച്ചിരുന്നു. കൊച്ചിയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയിൽ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചർച്ച നടത്താൻ മുൻകൈ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യ മന്ത്രി എലുൻറ് മോർഗനുമായി ആരോഗ്യ രംഗത്തെക്കുറിച്ച് ചർച്ച നടത്തി. കേരളത്തിൽനിന്ന് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ വെയിൽസിലേക്ക് കൊണ്ടുവന്ന് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി സർക്കാരുമായി നേരിട്ട് ധാരണാപത്രം ഒപ്പുവെക്കാൻ തീരുമാനിച്ചു. അടുത്തവർഷം ഈ സമയത്തോടുകൂടി ആ ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ ആദ്യത്തെ ബാച്ച് വെയിൽസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
കാർഡിഫ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികളും ഫാക്കൽറ്റികളുമായി കേരള സംഘം ആശയവിനിമയം നടത്തി. കൊച്ചിയുടെ നഗരവൽക്കരണം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ആധികാരികമായ പഠനം സ്കൂൾ ഓഫ് ആർക്കിടെക്ചർ നടത്തിയിട്ടുണ്ട്. അതിനെ ആധാരമാക്കിയ കണ്ടെത്തലുകൾ അവർ പ്രതിനിധി സംഘത്തിനു മുമ്പിൽ അവതരിപ്പിച്ചു.
കൊച്ചി നേരിടുന്ന ശബ്ദമലിനീകരണം, ജലമലിനീകരണം, ഗതാഗത പ്രശ്നങ്ങൾ, ജൈവ വൈവിധ്യം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയെല്ലാം പഠനത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച തുടർ ചർച്ചകൾ ജനുവരിയിൽ കേരളത്തിൽ നടത്തും. കേരളത്തിലെ പ്ലാനിങ് വിഭാഗവും കാർഡിഫ് സർവ്വകലാശാലയിലെ ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി ഈ ദൗത്യം ഏറ്റെടുക്കുന്നതിന് യൂണിവേഴ്സിറ്റി താൽപര്യം പ്രകടിപ്പിച്ചു.
ലണ്ടനിൽ ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദൂജയുമായി സർക്കാർ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ഇലക്ട്രിക് ബസ്സ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതിൻറെ പ്രാഥമിക ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. ഗോപിചന്ദ് ഹിന്ദൂജ തന്നെ ഡിസംബർ അവസാനം കേരളം സന്ദർശിക്കും.
ഹിന്ദൂജ ഗ്രൂപ്പിൻറെ അശോക് ലൈലൻറ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കൂടുതൽ ഊന്നുന്ന സമയമാണിത്. കേരളത്തിൽ ഒരു അനുബന്ധ ഫാക്ടറി തുടങ്ങണമെന്ന അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ സന്ദർശനത്തിൽ നിർദേശിക്കാനാവുമെന്നാണ് കരുതുന്നത്.
സൈബർ ക്രൈം നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം ആധുനിക സൗകര്യങ്ങളുള്ള ഒരു ക്യാമ്പസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.
നോർവ്വേ
ഫിഷറീസ് രംഗത്തെ വൻ ശക്തികളിലൊന്നായ നോർവ്വെയുമായി സഹകരണം ശക്തമാക്കാൻ നടത്തിയ ചർച്ചകൾ കേരളത്തിൻ്റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നൽകുന്നതാണ്. നോർവെയുടെ മാരിടൈം തലസ്ഥാനമായ ബെർഗൻ നഗരത്തിൽ നടന്ന ബിസിനസ് മീറ്റിൽ മാരിടൈം വ്യവസായ രംഗത്തെ പുതിയ അനേകം സാധ്യതകളാണ് ഉരുത്തിരിഞ്ഞത്.
കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേയുടെ സഹായവാഗ്ദാനം ലഭിച്ചു. നോർവേ ഫിഷറീസ് ആൻറ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറൻ ഇത് സംബന്ധിച്ച് വ്യക്തമായ ഉറപ്പുകൾ നൽകി.
1953ൽ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. 1961ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാൻറും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വർക്ക്ഷോപ്പും സ്ഥാപിച്ചത് പദ്ധതിയുടെ ഭാഗമായാണ്. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർഷം തോറും വർധിക്കുകയും ചെയ്തു. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതൽ വിപുലമാക്കാൻ നോർവ്വേയുമായുള്ള സഹകരണം കൊണ്ട് സാധ്യമാകും.
ഫിഷ് ന്യൂട്രിഷനിലും ഫീഡ് റിസർച്ച് ആൻഡ് ഹെൽത്ത് മാനേജ്മെൻറിലും കേരളത്തെ സഹായിക്കാമെന്ന ഉറപ്പ് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ റിസർച്ചിൽ നിന്നും ലഭിക്കുകയുണ്ടായി. മറൈൻ കേജ് കൾച്ചർ, കപ്പാസിറ്റി ബിൽഡിങ് ഇവയിൽ നോർവീജിയൻ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ കുഫോസുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. സ്റ്റുഡൻറ് ആൻഡ് ഫാക്കൽട്ടി എക്സ്ചേഞ്ച്, കേജ് ഫാർമിങ് വഴിയുള്ള ഓഫ് ഷോർ അക്വാകൾച്ചർ, കയറ്റുമതിക്കുള്ള പുനഃചംക്രമണ മത്സ്യ കൃഷി തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും തൊഴിൽ സാധ്യതകൾക്കും കൂടുതൽ സഹകരണം ഉറപ്പുവരുത്താൻ തീരുമാനിച്ചു. ഇതുകൂടാതെ, നോർദ് യൂണിവേഴ്സിറ്റി കുഫോസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണ പരിശീലനം നൽകാൻ താല്പര്യം അറിയിച്ചു.
നോർവ്വേ സന്ദർശനത്തിലെ എടുത്തുപറയേണ്ട ഒരു കാര്യം നോബൽ പീസ് സെൻറർ എക്സിക്യുട്ടീവ് ഡയരക്ടറുമായുള്ള കൂടിക്കാഴ്ചയാണ്. കേരള സർക്കാരിൻ്റെ കഴിഞ്ഞ ബജറ്റിൽ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബൽ പീസ് സെൻറർ.
ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിൻ്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് കൂടികാഴ്ചയിൽ വ്യക്തമാക്കി.
പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, വയനാട് തുരങ്കപാത നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചതാണ് മറ്റൊരു നേട്ടം. നോർവ്വേയിൽ തുരങ്കപാതകൾ ഒട്ടേറെയാണ്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേൽപ്പിക്കാതെ തുരങ്കപാതകൾ നിർമ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോർവ്വേ മാതൃകയിൽ കേരളത്തിന് അനുകരിക്കാവുന്നതുണ്ടെന്നാണ് യാത്രാനുഭവത്തിൽനിന്ന് ബോധ്യമായത്.
ഇന്ത്യൻ റെയിൽവേക്ക് തുരങ്കപ്പാത നിർമ്മാണത്തിൽ നോർവേയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരശോഷണത്തിൻറെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗ്ഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതികൾ കേരളത്തിനു സഹായകരമാകും. കേരള സംഘത്തിൻ്റെ അഭ്യർത്ഥന പരിഗണിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകുകയുണ്ടായി. പ്രളയ മാപ്പിങ്ങിൽ ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്നും ഇവർ വ്യക്തമാക്കി.
വിദഗ്ധരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം കൂടി പരിഗണിക്കാമെന്നും അവർ അറിയിച്ചു.
ഓസ്ലോയിൽ നടത്തിയ ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിളിൽ നാല് നോർവീജിയൻ കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ചു. ഹൈഡ്രജൻ പ്രൊ, ടോമ്ര, കാമ്പി ഗ്രൂപ്പ്, ഓർക്ക്ല എന്നിവയാണ് അവ.
കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്നാണ് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്ക്ലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്ലെ വിഡർ ഉറപ്പു നൽകിയത്. ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനും ഓർക്ക്ലെ യുടെ സന്നദ്ധതയും അറിയിച്ചു. റിന്യൂവബിൾ എനർജി രംഗത്തും നിക്ഷേപം നടത്താൻ ഓർക്ക്ലെ ആലോചിക്കുന്നുണ്ടെന്ന് ചർച്ചയിൽ അവർ സൂചിപ്പിച്ചു.
കൊച്ചിയെ ലോകത്തെ പ്രധാന മാരിടൈം ഹബുകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. കൊച്ചിയിൽ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ അസ്കോ മാരിടൈം താൽപര്യം പ്രകടിപ്പിച്ചു.
കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാനും നിക്ഷേപം നൽകാനും തയ്യാറായി നോർവ്വേയിലെ മലയാളി സമൂഹം മുന്നോട്ടു വരിക കൂടി ചെയ്തു. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മയുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത പലരും ഈ താല്പര്യം പ്രകടിപ്പിച്ചു. മികച്ച സംരഭകത്വ അവസരങ്ങൾ അവർക്കായി സർക്കാർ കേരളത്തിലൊരുക്കും.
വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും നിർമിച്ചു നൽകിയ മരിനോർ കേരളത്തിൽ ഫാക്ടറി ആരംഭിക്കുന്നത് പരിഗണിക്കും എന്നറിയിച്ചു. ഏഷ്യൻ മേഖലയിലെ ആവശ്യത്തിനുള്ള ഉൽപ്പാദനം കേരളത്തിൽ നടത്താൻ കഴിയുമോയെന്നാണ് അവർ നോക്കുന്നത്. ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന നോർവ്വീജിയൻ സംരംഭകരുടെ സംഗമത്തിൽ പങ്കെടുക്കുമെന്ന് മരിനോർ വ്യക്തമാക്കി.
കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമ്മിതാക്കളായ കോർവസ് എനർജി മുന്നോട്ടുവന്നിട്ടുണ്ട്. മാരിടൈം ഇലക്ട്രിക്ക് ബാറ്ററി നിർമ്മാണ രംഗത്തെ പ്രമുഖരായ കോർവസ് എനർജി കേരളത്തിലെ വൈദ്യുതി അധിഷ്ഠിത ജലഗതാഗതരംഗത്തെ സാധ്യതകളിൽ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ നിർദ്ദിഷ്ട സുസ്ഥിര മാരിടൈം ടെക്നോളജി ഹബ്ബിലൂടെ കമ്പനി കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.
നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കും മറ്റ് രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതികളും തയ്യാറാക്കും. കേന്ദ്ര, കേരള സർക്കാരുകളുടെയും മറ്റ് ഗവേഷണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവർക്കും പ്രാപ്യമാവുന്നതുമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപീകരിക്കും. ഗവേഷക വിദ്യാർത്ഥികൾക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങൾ കൂടി പരിഗണിക്കും.
നോർവ്വേയിൽ നിന്ന് നമുക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. അവിടത്തെ വയോജന പരിചരണവും സഹായങ്ങളും എടുത്തുപറയേണ്ടതാണ്. മറ്റൊരു കാര്യം ശ്രദ്ധയിൽപെട്ടത് ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല എന്നതാണ്. ഏത് ജലാശയത്തിൽ നിന്നും നേരിട്ട് എടുത്ത് കുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളം. ശുദ്ധജലത്താൽ സമൃദ്ധമാണ് നമ്മുടെ കേരളം. നമുക്കും നോർവ്വേ മാതൃക അനുകരിക്കാനാകും എന്നാണ് തോന്നിയത്.
ഫിൻലൻഡ്
കേരള സംഘത്തിൻ്റെ യാത്രയുടെ തുടക്കം ഫിൻലൻഡിലായിരുന്നു. എല്ലാ സംഘാംഗങ്ങൾക്കും നിശ്ചിത സമയത്ത് എത്താനായില്ല എങ്കിലും തീരുമാനിച്ച കൂടിക്കാഴ്ചകൾ അവിടെ പൂർത്തിയാക്കാൻ കഴിഞ്ഞു. ഫിൻലണ്ട് വിദ്യാഭ്യാസ മന്ത്രി ലി ആൻഡേഴ്സെൻറ ക്ഷണപ്രകാരമാണ് ഫിൻലാൻഡ് സന്ദർശിച്ചത്.
പുതിയ കാലത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും നമ്മുടെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർത്ഥികളെയും സജ്ജരാക്കാൻ കേരള-ഫിൻലാൻഡ് സഹകരണം സഹായിക്കും. ഫിൻലാൻഡിലെ പ്രാരംഭശൈശവ വിദ്യാഭ്യാസം, പ്രീ പ്രൈമറി, എലമെൻററി, സെക്കൻററി വിദ്യാഭ്യാസം എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ സന്ദർശനം വഴി സാധിച്ചു.
ഫിൻലാൻഡിലെ ഹെൽത്ത് നെറ്റ്വർക്ക് ഫെസിലിറ്റി, ഫിനിഷ് നാഷണൽ പ്രോഗ്രാം ഓൺ ഏയ്ജിങ് തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനും അവസരം ലഭിച്ചു. ആരോഗ്യ രംഗത്തും സാമൂഹ്യ വയോജന പരിപാലന രംഗത്തും പരസ്പര സഹകരണം തുടരാൻ തീരുമാനം കൈക്കൊണ്ടു. കേരളത്തിൻറെ ആരോഗ്യ പ്രവർത്തകരുടെ സേവനം വലിയ അളവിൽ ആവശ്യമുണ്ടെന്ന് ഫിന്നിഷ് പ്രതിനിധികൾ വ്യക്തമാക്കി. തുടർചർച്ചകൾക്കായി ഫിൻലാൻഡിൽ നിന്നുള്ള സംഘം കേരളം സന്ദർശിക്കും.
ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫിൻലാൻഡ്. അതേസമയം വയോജനങ്ങളുടെ സംഖ്യ അവിടെ വർദ്ധിച്ചുവരികയാണ്. സ്കിൽ ഷോർട്ടേജ് സ്വാഭാവികമായും ഉണ്ട്. ഈ സ്കിൽ ഷോർട്ടേജ് നികത്താനാണ് ഫിന്നിഷ് ഗവണ്മെൻറ് ‘ടാലൻറ് ബൂസ്റ്റ് പ്രോഗ്രാം’ വിഭാവനം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കഴിവുള്ള യുവാക്കളെ ഫിൻലാൻഡിലേക്ക് ക്ഷണിക്കാനാണ് അവർ തീരുമാനിച്ചത്. അവരുടെ പ്രധാന ടാർഗറ്റ് രാജ്യം ഇന്ത്യയാണ്. അതിൽ തന്നെ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാൻ ഒരു സംഘത്തെ അയച്ചത്. വരുന്ന നാല്-അഞ്ച് വർഷത്തേക്ക് ഏകദേശം പതിനായിരം നഴ്സുമാരെ ഫിൻലാൻഡിലേക്ക് വേണ്ടിവരുമെന്നാണ് ഫിൻലന്റ് അധികൃതർ അറിയിച്ചത്. കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റവുമായി സഹകരിക്കാനും അവർക്ക് ആഗ്രഹമുണ്ട്. നോർക്ക, ഒഡേപെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി എന്നിവ ചേർന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് ശ്രമം. ബിസിനസ് ഫിൻലാൻഡിൻ്റെ ഇന്ത്യാ ഓഫീസുമായി ചേർന്ന് തുടർ പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും തൊഴിലന്വേഷകരുടെയും കുടിയേറ്റം സുഗമമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഫിൻലാൻഡ് സാമ്പത്തികാര്യ, തൊഴിൽ വകുപ്പ് മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം ഡയറക്ടർ സോണ്യ ഹമലായ്നെൻ അടങ്ങുന്ന സംഘവുമായി ചർച്ച ചെയ്തു.
കേരളത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഫിൻലാൻഡിൽ വലിയ സാധ്യതകളുണ്ടെന്നും കേരള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം വഴി സാങ്കേതിവിദ്യാ രംഗത്തെ തൊഴിൽശക്തിയെ ഉപയോഗിക്കാൻ സാധിക്കണമെന്നുമാണ് ഫിന്നിഷ് സംഘം അറിയിച്ചത്. കേരളത്തിൽ നിന്നുള്ളവരുടെ കുടിയേറ്റ നടപടികൾ സുഗമമാക്കുമെന്നും അവർ ഉറപ്പുനൽകി.
ഫിൻലാൻഡിലെ ഇന്ത്യൻ എംബസി, കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രിയുമായി ചേർന്ന് അഡ്വാന്റേജ് കേരള ബിസിനസ് മീറ്റ് നടത്തുകയുണ്ടായി. കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രി ഡയറക്ടർ ടിമോ വൗറി മീറ്റിൽ പങ്കെടുത്തിരുന്നു. ഫിൻലാൻഡിലെ പ്രമുഖ ബിസിനസ് വൃത്തങ്ങളിൽ നിന്നുള്ളവർ സംഗമത്തിൽ സന്നിഹിതരായി. ഗ്രീൻ എനർജി, മറൈൻ മേഖല, ലൈഫ്സയൻസസ്,പെട്രോകെമിക്കൽസ്, നാനോ മെറ്റീരിയൽസ്, ഗ്രഫീൻ എന്നീ സാങ്കേതിക വിദ്യാമേഖലകളിലെ സഹകരണത്തിനുള്ള സാദ്ധ്യതകൾ കേരള സംഘം വിശദീകരിച്ചു. പരിസ്ഥിതി സൗഹൃദ വികസന മേഖലകളിലെ സഹകരണം അവർ ഉറപ്പുനൽകി.
പ്രമുഖ മൊബൈൽ ഫോൺ കമ്പനിയായ ‘നോക്കിയ’യുടെ എക്സ്പീരിയൻസ് സെൻറർ സന്ദർശിക്കുകയും ഊർജ്ജ, മറൈൻ ബിസിനസ് രംഗത്തെ ഫിൻലാൻഡ് കമ്പനിയായ ‘വാർട്സീല’യുടെ വൈസ് പ്രസിഡൻറ് കായ് ജാൻഹ്യൂനെനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൊച്ചിയിൽ ആരംഭിക്കുന്ന സസ്റ്റയിനബിൾ മാരിടൈം ടെക്നോളജി ഹബിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് വാർട്സീല വാക്കുനൽകി
സർവ്വകലാശാലകളുടെ സഹകരണം
നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിൻ്റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിൻ്റെയും സാധ്യതകൾ കേരളത്തിൻറെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളിലെ പ്രതിനിധികളുമായി ചർച്ച നടത്തുകയുണ്ടായി. ഇതിൻറെ ഭാഗമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഈ സർവ്വകലാശാലകളുമായി കേരള ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചു.
ഡിജിറ്റൽ സയൻസ് പാർക്ക്, റിസർച്ച് സെൻറ്ററുകൾ എന്നിവ മുഖേന ഗ്രഫീൻ, മറ്റു 2 ഡി പദാർത്ഥങ്ങൾ എന്നിവയിലധിഷ്ഠിതമായ ഗവേഷണവികസന പ്രവർത്തനങ്ങളിൽ സഹകരിക്കുവാനുള്ള ധാരണാപത്രത്തിൽ കേരള ഡിജിറ്റൽ സർവ്വകലാശാലയും
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയും ഒപ്പ് വച്ചു. ഗ്രഫീൻ സംബന്ധിച്ച സുപ്രധാനമായ ഗവേഷണങ്ങൾ നടന്നത് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ്. ഗ്രഫീൻ കണ്ടുപിടുത്തത്തിന് 2010 ലെ നോബേൽ സമ്മാന ജേതാവായ ആൻഡ്രു ജീം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. സർക്കാർ ഗ്രഫീൻ രംഗത്ത് മുൻകൈയെടുക്കുന്നത് ഭാവി വ്യവസായത്തിൽ കേരളത്തെ മുൻപിലാക്കുന്നതിന് സഹായിക്കുമെന്ന് ആൻഡ്രു ജീം വ്യക്തമാക്കി.
നിർമ്മിത ബുദ്ധിയും റോബോട്ടിക്സും സംബന്ധിച്ച സംയുക്ത ഗവേഷണത്തിനുള്ള ധാരണാപത്രമാണ് എഡിൻബറോ സർവ്വകലാശാലയുമായി ഒപ്പു വച്ചത്. നിർമ്മിത ബുദ്ധിക്കായുള്ള ഹാർഡ് വെയർ, റെസ്പോൺസിബിൾ ആർട്ടിഷിഷ്യൽ ഇൻറലിജൻസ്, ഡിജിറ്റൽ ഹെൽത്ത് എന്നീ മേഖലകളിൽ ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി പദ്ധതികളും ഗവേഷണശാലകളും ആരംഭിക്കും. കേരള ഡിജിറ്റൽ സയൻസ് പാർക്കുമായുള്ള സഹകരണവും പരിഗണനയിൽ ഉണ്ട്.
ഇമേജ് സെൻസറുകൾ, മൈക്രോഇലക്ട്രോമെക്കാനിക്കൽ സിസ്റ്റം, ന്യൂറോമോർഫിക് വി എൽ എസ് ഐ എന്നിവ വികസിപ്പിക്കുന്നതിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രമാണ് ജർമ്മൻ സർക്കാർ നിയന്ത്രണത്തിലുള്ള സീഗൻ യൂണിവേഴ്സിറ്റിയുമായി ഒപ്പു വച്ചത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി, മേക്കർ വില്ലജ് പോലുള്ള ഡിജിറ്റൽ ചിപ്പ് ഡിസൈൻ സംരംഭങ്ങൾ എന്നിവയുമായും ഈ ധാരണാപത്രത്തിൻറെ അടിസ്ഥാനത്തിൽ സഹകരണമുണ്ടാകും.
ഗ്രഫീൻ അടിസ്ഥാനമാക്കി വ്യവസായ പാർക്ക് രൂപീകരിക്കാൻ എൽഡിഎഫ് സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവ്വകലാശാല ഒപ്പിട്ട ഈ ധാരണാപത്രങ്ങൾ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിൻ്റെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തും. ഗ്രഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിർമ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. അതിലേക്ക് വലിയ സംഭാവനകൾ ചെയ്യാൻ സർവ്വകലാശാലകളുമായുള്ള സഹകരണം വഴി സാധിക്കും.
ഇത്തരത്തിൽ ഭാവികേരളത്തെ കെട്ടിപ്പടുക്കാനുള്ള കൃത്യമായ പദ്ധതിയോടെയാണ് കേരള സംഘത്തിൻ്റെ വിദേശ യാത്ര പ്ലാൻ ചെയ്തത്. യാത്രയ്ക്കിടെയുള്ള കൂടിക്കാഴ്ചകളും മറ്റും അതാത് സമയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവ കേരളനിർമ്മിതിക്കുള്ള സാധ്യതകൾ കണ്ടെത്തുക, ലോക കേരള സമൂഹത്തിൻ്റെ മുന്നോട്ടുപോക്കിന് ക്രിയാത്മക സംഭാവന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പര്യടനത്തിലെ കൂടിക്കാഴ്ചകളും പരിപാടികളും ആസൂത്രണം ചെയ്തത്. അതിൻ്റെ ഏതാനും വിവരങ്ങൾ മാത്രമാണ് ഇവിടെ പങ്കു വെച്ചത്. വരുംനാളുകളിൽ ഈ യാത്രയുടെ ഭാഗമായ തുടർനടപടികൾ ഉണ്ടാകും. ഓരോ കൂടിക്കാഴ്ചകളും തുടർനടപടിക്ക് വ്യക്തമായ തീരുമാനമെടുത്തും അതിനുള്ള ചുമതലകൾ നൽകിയുമാണ് അവസാനിപ്പിച്ചത്. വളരെ പെട്ടന്നുതന്നെ ഫലപ്രാപ്തിയുണ്ടാകുന്നതും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് പ്രയോജനകരമാകുന്നതുമായ തീരുമാനങ്ങളും ധാരണകളും ഈ സന്ദർശനത്തിൻ്റെ ഭാഗമായി ഉരുത്തിരിഞ്ഞിട്ടുണ്ട്.
ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ കാൾ മാർക്സിൻ്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിക്കാൻ അവസരം ലഭിച്ചതും മാർക്സ് സ്മാരക ലൈബ്രറി സന്ദർശിച്ചതും ഈ യാത്രയിലെ അവിസ്മരണീയ അനുഭവമായിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. മഹാനായ ലെനിൻ്റെ സ്മരണകൾ തങ്ങിനിൽക്കുന്നത് കൂടിയാണ് മാർക്സ് ലൈബ്രറി. മനുഷ്യ മോചന പോരാട്ടങ്ങളുടെ കാലാതിവർത്തിയായ പ്രചോദനമാണ് ഈ സ്മാരകങ്ങൾ. മാർക്സിസ്റ്റു പുരോഗമന പുസ്തകങ്ങൾ നാസികൾ ബെർലിനിൽ ചുട്ടുകരിച്ചപ്പോൾ 1933 ൽ ആരംഭിച്ചതാണ് ലൈബ്രറി. ഫാസിസത്തിനെതിരായ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തും പ്രചോദനവും നൽകുന്നതായിരുന്നു ആ സ്മാരകങ്ങളിലെ സന്ദർശനാനുഭവം എന്ന് പ്രത്യേകം ഓർക്കുന്നു.