മഹാരാഷ്ട്രയിലെ നാസിക്കിൽ ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഉജ്ജ്വല വിജയം. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സുർഗണ താലൂക്കിലെ 61 ഗ്രാമപഞ്ചായത്തിലെ ഫലമാണ് പുറത്തുവന്നത്. ഇതിൽ 34 പഞ്ചായത്തുകളിലും സിപിഎം വിജയിച്ചു.
അതേസമയം സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി- ഷിൻഡെ വിഭാഗം ശിവസേന സഖ്യത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന 1165 പഞ്ചായത്തിൽ രണ്ട് പാർടികൾക്കുമായി 352 പഞ്ചായത്തിലാണ് ഭൂരിപക്ഷം നേടാനായത്. സിപിഎം നൂറിലേറെ പഞ്ചായത്തുകളിൽ ഒറ്റയ്‌ക്ക് ഭരണത്തിലെത്തിയപ്പോൾ എൻസിപിയും ഉദ്ധവ് വിഭാഗം ശിവസേനയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യം കക്ഷികൾക്കെല്ലാമായി 457 പഞ്ചായത്ത് ലഭിച്ചു. നൂറിലേറെ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ അധികാരം പിടിച്ചശേഷമുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പിന്നോക്കംപോകൽ ബിജെപിക്ക് തിരിച്ചടിയായി.