എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. 2 പതിറ്റാണ്ടിന് ശേഷം നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ശശി തരൂർ എംപിയും തമ്മിലാണ് മത്സരം. രാജ്യത്തെ 9376 കോൺഗ്രസ് നേതാക്കളാണ് എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയടക്കമുള്ള വോട്ടർമാർക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം വിമാനമാർഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികൾ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ഔദ്യോഗിക പരിവേഷത്തോടെ മത്സരത്തിനിറങ്ങിയ ഖാർഗെയ്ക്ക് തന്നെയാകും വിജയമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിസിസികളും മുതിർന്ന നേതാക്കളും ഖാർഗെയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തിയതോടെ ഭൂരിപക്ഷം ഖാർഗെയ്ക്ക് തന്നെയാണെന്നാണ് വിലയിരുത്തൽ. എന്നാൽ നിശബ്ദ തരംഗമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശശി തരൂർ. പരസ്യപ്രതികരണവും പ്രചാരണവും നടത്താത്ത ഒരു വിഭാഗം തന്നെ പിന്തുണയ്ക്കുമെന്ന് ശശി തരൂർ വിശ്വസിക്കുന്നു. രഹസ്യബാലറ്റായതിനാൽ ഖാർഗെയ്ക്കായി പ്രചരണം നടത്തിയവർ പോലും തന്നെ പിന്തുണയ്ക്കുമെന്നാണ് തരൂരിൻ്റെ അവകാശ വാദം.
2000ൽ ആണ് ഇതിന് മുൻപ് കൊൺഗ്രസിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. മൃഗീയ ഭൂരിപക്ഷത്തിന് ജിതേന്ദ്ര പ്രസാദയെ സോണിയാ ഗാന്ധി പരാജയപ്പെടുത്തി. സാധുവായ 7542 വോട്ടുകളിൽ 7448 ഉം സോണിയയ്ക്ക് ലഭിച്ചപ്പോൾ പ്രസാദയ്ക്ക് വോട്ടു ചെയ്തത് 94 പേർ മാത്രം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി