പീഡന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രക്ഷിച്ചെടുക്കാൻ ചെരട് വലിച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരിട്ട്. കേസ് ഒതുക്കി തീർക്കാൻ പരാതിക്കാരിക്ക് പണം കൊടുക്കാൻ ആവശ്യപ്പെട്ടതും അതിനുള്ള നീക്കങ്ങൾ നടത്താൻ മുൻകൈയെടുത്തതും സുധാകരനാണ് എന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കോൺഗ്രസ് പ്രവർത്തകനായ ഇടനിലക്കാരൻ മുഖേനയാണ് സുധാകരൻ കോൺഗ്രസ് എംഎൽഎക്ക് വേണ്ടി ചരടുവലിക്കുന്നത്. ഇടനിലക്കാരനായ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ കഴിഞ്ഞദിവസം ഇന്ദിരാഭവനിലെത്തി സുധാകരനെ കണ്ടത് ഈ നീക്കത്തിൻ്റെ ഭാഗം. കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവിൻ്റെ ഉറ്റഅനുയായിയാണ് സൂപ്പി അൻസാർ. കൊല്ലം കേന്ദ്രീകരിച്ച് പണപ്പിരിവും മറ്റുമായി കഴിഞ്ഞിരുന്ന ഇയാൾ തിരുവനന്തപുരത്ത് എത്തിയതോടെയാണ് കെ സുധാകരനുമായി അടുത്തത്.
പരാതിക്കാരിക്ക് എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ വെച്ചാണ്. ആ സമയം സൂപ്പി അൻസാറും എൽദോസ് കുന്നപ്പിള്ളിക്കൊപ്പമുണ്ടായിരുന്നു. പരാതിക്കാരിയോട് പണം സ്വീകരിച്ച് വെള്ളപേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടത് സൂപ്പി അൻസാറാണ്. ഇന്ദിരാഭവനിൽ അൻസാറുമായി ചർച്ച നടത്തിയശേഷമാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. എംഎൽഎ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം ആവശ്യപ്പെട്ടതായും എൽദോസിനെ സംരക്ഷിക്കില്ലെന്നും സുധാകരൻ വിവരിക്കുമ്പോൾ തൊട്ടുപിന്നിൽ അൻസാറുമുണ്ട്. ഇതിൻ്റെ ചാനൽ ദൃശ്യങ്ങളിൽനിന്ന് അൻസാറിനെ തിരിച്ചറിഞ്ഞ അധ്യാപിക കേസ് ഒത്തുതീർപ്പാക്കാൻ ഇയാൾ ഇടപെട്ട കാര്യം ജില്ലാ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴിയായി നൽകി.
എംഎൽഎയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറയുന്ന സുധാകരൻ പീഡനപരാതി ഉയർന്നയുടൻ അൻസാറിൻ്റെ ഫോണിൽനിന്ന് എൽദോസിനെ വിളിച്ചിരുന്നു. പണം കൊടുത്ത് കേസ് ഒതുക്കി തീർക്കാൻ എംഎൽഎക്ക് ഉപദേശം നൽകിയത് ഈ ഫോൺ കോളിലൂടെയാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഇടനിലക്കാരൻ മുഖേന പരാതിക്കാരിയെ വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ എത്തിച്ചതും പണം വാഗ്ദാനം ചെയ്തതും.