തെക്കൻ കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കാൻ ശ്രീരാമൻ്റെ പേരിൽ ഇല്ലാക്കഥ മെനഞ്ഞ് കെ സുധാകരൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് “ചേട്ടനെ കൊന്ന് ചേട്ടത്തിയമ്മയെ സ്വന്തമാക്കാൻ മോഹിക്കുന്ന വിടന്മാരാണ് തെക്കൻ കേരളീയർ” എന്ന ആക്ഷേപം ചൊരിഞ്ഞത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ എത്രത്തോളം വ്യത്യസ്തരാണ് എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് സുധാകരൻ്റെ അവഹേളന പരാമർശങ്ങൾ.
ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു.
അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണ വധത്തിനു ശേഷം സീതക്കും ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ പുഷ്പക വിമാനത്തിൽ മടങ്ങുകയാണ്. കേരളത്തിൻ്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോൾ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് ലക്ഷ്മണൻ ആലോചിച്ചു. വിമാനം തൃശൂരെത്തിയപ്പോൾ ലക്ഷ്മണൻ്റെ മനസ്സ് മാറുകയും അദ്ദേഹം പശ്ചാത്തപിക്കുകയും ചെയ്തു. അപ്പോൾ രാമൻ ലക്ഷ്മണൻ്റെ തോളത്തു തട്ടി പറഞ്ഞു .. “അതെ, നിൻ്റെ മനസ്സ് ഞാൻ വായിച്ചു. നിൻ്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിൻ്റെ പ്രശ്നമാ” (ചിരിക്കുന്നു ).
ഇങ്ങനെയൊരു കഥ രാമായണത്തിലില്ല. രാമായണകാലത്ത് കേരളവും തൃശൂർ ജില്ലയും ഇല്ല. താനൊരു കേമനാണ് എന്ന് സ്ഥാപിക്കാന ഇല്ലാക്കഥയുണ്ടാക്കി തെക്കൻ കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണ് സുധാകരൻ ചെയ്തത്. ഈ ചോദ്യത്തിന്റെ തുടർച്ചയിലും ദക്ഷിണ കേരളത്തെ സുധാകരൻ അപമാനിക്കുന്നുണ്ട്.
സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും ബിജെപിയുടെയും ചുക്കാൻ ആ പാർടിയിലെ മലബാറുകാർക്കായതിൻ്റെ കാരണം എന്താണ് എന്നു ചോദിക്കുമ്പോൾ, സത്യസന്ധതയും ധൈര്യവും നേരെവാ നേരേപോ മനോഭാവവുമാണ് കാരണമെന്നാണ് സുധാകരൻ്റെ മറുപടി. തെക്കൻ കേരളത്തിലുള്ളവർക്ക് ഈ ഗുണങ്ങളൊന്നുമില്ലെന്ന് വ്യംഗ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയടക്കം ധൈര്യവും സത്യസന്ധതയുമില്ലവരുടെ പട്ടികയിലാണ് സുധാകരൻ ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും തൃശൂരിനിപ്പുറമുള്ളവരാണ്. ഇവരെല്ലാം ശ്രീരാമനെച്ചാരി സുധാകരൻ “പ്രശ്ന”മാരോപിക്കുന്ന നാട്ടിലുള്ളവരാണ്.
വിടുവായും ഗീർവാണങ്ങളുമാണ് കോൺഗ്രസിനെ നയിക്കാൻ കെ സുധാകരന്റെ പക്കലുള്ള തന്ത്രങ്ങൾ എന്നു തെളിയിക്കുന്നതാണ് ഈ പരാമർശങ്ങൾ. ജനങ്ങളെ മാത്രമല്ല, സ്വന്തം പാർടിയിലെ സഹപ്രവർത്തകരെയൊന്നടങ്കം അധിക്ഷേപിക്കുകയാണ് സുധാകരൻ. ധൈര്യവും ചങ്കൂറ്റവും സത്യസന്ധതയുമൊക്കെ തനിക്കു മാത്രമേയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.
കോൺഗ്രസിന്റെ നിയമസഭാകക്ഷിയിൽ വെറും ഏഴു പേർ മാത്രമാണ് മലബാറുകാർ. ബാക്കി പതിനാലു പേരും തൃശൂരിനിപ്പുറമാണ്. ചേട്ടനെക്കൊന്ന് ചേട്ടത്തിയമ്മയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന വിടന്മാരുടെ പട്ടികയിൽ ഇവരുമുണ്ട്. തിരുവിതാംകൂറിനോട് സ്വന്തം മനസിൽ പുകയുന്ന വിദ്വേഷവും പുച്ഛവുമാണ് സുധാകരൻ്റെ പ്രതികരണങ്ങളിലുള്ളത്.