യുഎപിഎ കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയടക്കമുള്ള 5 പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രീംകോടതി. കേസിൻ്റെ മെറിറ്റിലേക്ക് കടക്കാതെ വിചാരണ അനുമതിയുടെ സാങ്കേതികത്വത്തെ മാത്രം ആശ്രയിച്ചാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരായ മഹാരാഷ്ട്ര സര്‍ക്കാരിൻ്റെ അപ്പീലിലാണ് സുപ്രീംകോടതി തീരുമാനം. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്‌നങ്ങള്‍ അവധിക്ക് ശേഷം സുപ്രീംകോടതി വിശദമായി പരിശോധിക്കും. അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ സായിബാബയടക്കമുള്ളവര്‍ക്ക് ജയില്‍മോചിതരാകാനാകില്ല.
കേസിലെ കക്ഷികള്‍ക്ക് നോട്ടീസയച്ച സുപ്രീംകോടതി പ്രതികള്‍ക്ക് ജാമ്യാപേക്ഷ നല്‍കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി. ജസ്റ്റിസ് എം ആര്‍ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നടപടി.
കേസ് തീര്‍പ്പാക്കാന്‍ ഹൈക്കോടതി വസ്തുതകള്‍ പരിഗണിക്കുന്നതിന്
പകരം കുറുക്കുവഴി തെരഞ്ഞെടുത്തുവെന്ന് ജസ്റ്റിസ് എംആര്‍ ഷാ നിരീക്ഷിച്ചു. ഹൈക്കോടതി വരുത്തിയ വീഴ്ചയുടെ ആനുകൂല്യം കുറ്റാരോപിതന് നല്‍കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. യുഎപിഎയുടെ 45-ാം വകുപ്പ് പ്രകാരം കേസിൻ്റെ വിചാരണയ്ക്ക് ആവശ്യമായ അനുമതി ഉണ്ടായിരുന്നില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിചാരണക്കോടതിയുടെ കണ്ടെത്തലുകള്‍ റദ്ദാക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ഇത് ക്രിമിനല്‍ നടപടി ചട്ടത്തിന് വിരുദ്ധമാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദിയും അഭിപ്രായപ്പെട്ടു.
അവധി ദിവസമായിട്ടും ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധി രാജ്യസുരക്ഷയ്ക്ക് ഉള്‍പ്പടെ ഭീഷണിയാണെന്നടക്കമുള്ള വാദങ്ങളുയര്‍ത്തിയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വിചാരണയ്ക്ക് ആവശ്യമായ അനുമതി ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വിചാരണ അസാധുവെന്നുമായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ സിആര്‍പിസി 465 പ്രകാരം വിചാരണയുമായി ബന്ധപ്പെട്ട കേവലം ചില പൊരുത്തക്കേടുകളുടെ പുറത്ത് പ്രതികളെ കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ലെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. വിചാരണ കോടതിയില്‍ പ്രൊഫസര്‍ സായിബാബ ഈ വാദം ഉന്നയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച് 1998ല്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
എന്നാല്‍ ക്രോസ് വിസ്താരത്തിൻ്റെ സമയത്ത് ഈ വാദം ഉന്നയിച്ചതായി പ്രൊഫസര്‍ സായിബാബയുടെ അഭിഭാഷകന്‍ ആര്‍ ബസന്ത് ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യരുതെന്നും ജയില്‍മോചനത്തിന് അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.വീല്‍ ചെയറില്‍ കഴിയുന്ന പ്രൊഫസര്‍ സായിബാബയുടെ ഗുരുതരമായ ആരോഗ്യാവസ്ഥ പരിഗണിക്കണമെന്നും ജയില്‍ മോചനത്തിന് അനുവദിക്കുകയോ വീട്ടുതടങ്കലില്‍ കഴിയാനോ സമ്മതിക്കണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.
കഴിഞ്ഞ ദിവസമായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസില്‍ സായിബാബ അടക്കം അഞ്ച് പേരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. യുഎപിഎയുടെ 45-ാം വകുപ്പ് പ്രകാരം വിചാരണയ്ക്ക് ആവശ്യമായ അനുമതി ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വിചാരണ അസാധുവെന്നും കോടതി കണ്ടെത്തി. ദേശീയ സുരക്ഷയ്ക്ക് അപകടകരമാണെന്ന ബലിപീഠത്തില്‍ നിയമത്തിൻ്റെ നടപടിക്രമം ബലികഴിക്കാന്‍ കഴിയില്ലെന്ന ശ്രദ്ധേയമായ നിരീക്ഷണത്തോടെയായിരുന്നു ജസ്റ്റിസ് രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി.
സായിബാബയെ കൂടാതെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് റാഹി, വിജയ് ടിര്‍ക്കി, മഹേഷ് ടിര്‍ക്കി, ഹേം മിശ്ര എന്നിവരാണ് കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ കുറ്റവിമുക്തരായത്. ഇവര്‍ക്കൊപ്പം ജയിലിലായിരുന്ന പാണ്ടു പോരെ ഈ വര്‍ഷം ഓഗസ്റ്റില്‍ മരിച്ചിരുന്നു. ശാരീരിക പരിമിതിയുള്ളതിനാല്‍ വീല്‍ച്ചെയറിനെ ആശ്രയിച്ചു കഴിയുന്ന സായിബാബ നിലവില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്
2014 ലാണ് പ്രഫ. ജിഎന്‍ സായിബാബയടക്കമുള്ളവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ 2017 ല്‍ ഗഡ്ച്ചിറോളി സെഷന്‍സ് കോടതി ഇവരെ കുറ്റക്കാരെന്ന് വിധിച്ചു. മഹേഷ് ടിര്‍ക്കി ഒഴികെയുള്ളവര്‍ക്കെല്ലാം ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. വിചാരണാ കോടതിയുടെ ഈ വിധിക്കെതിരായ അപ്പീലിലാണ് മുഴുവന്‍ പ്രതികളെയും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കുറ്റവിമുക്തരാക്കിയത്.