പീഡന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പീക്കര്‍ എ എൻ ഷംസീറിന് കത്ത് നല്‍കി.
വ്യാഴാഴ്ച എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം കൂടി ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നടപടി വേഗത്തിലാക്കുന്നത്. അനുമതി ലഭിച്ചാലുടൻ എംഎൽഎയുടെ മൊബൈൽ നമ്പറുകൾ പോലീസ് നിരീക്ഷണത്തിലാക്കും. എംഎൽഎ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. ചൊവ്വാഴ്ച മുതൽ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാകും അന്വേഷണസംഘം എംഎൽഎക്കെതിരെ
കടുത്ത നടപടിയിലേക്ക് കടക്കുക.
അതേസമയം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് അന്വേഷണസംഘം കോടതിയില്‍ സമർപ്പിക്കും. നേരത്തെ യുവതിയുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എംഎല്‍എയ്‌ക്കെതിരെ കോവളം പൊലീസ് കേസെടുത്തിരുന്നു.
സെപ്റ്റംബര്‍ 14ന് യുവതിയെ ബലമായി വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയ എംഎല്‍എയും സഹായികളും കോവളത്ത് വച്ച് ഇവരെ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കി. ഈ പരാതി പിന്‍വലിക്കാന്‍ എംഎല്‍എ കഴിഞ്ഞ ഒന്‍പതാം തീയതി വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ കൊണ്ടുപോയി ഇവരെ മര്‍ദിച്ച് കേസ് പിന്‍വലിപ്പിക്കാന്‍ നീക്കം നടത്തി. ഇതോടെ ഇവര്‍ നാടുവിടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ കണ്ടെത്തുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. തമിഴ് നാട്ടില്‍ നിന്ന് കണ്ടെത്തിയ ഇവരെ പൊലീസ് ഇവരെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11ല്‍ ഹാജരാക്കിയപ്പോഴാണ് യുവതി എംഎല്‍എയുടെ ലൈംഗിക പീഡനത്തിൻ്റെ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.
ബലാത്സംഗ കുറ്റം കൂടി ചുമത്തി; കുന്നപ്പിള്ളി കൂടുതല്‍ കുരുക്കിലേക്ക്