പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. എല്‍ദോസ് കുന്നപ്പിള്ളിയുടെ സുഹൃത്തായ അധ്യാപികയുടെ പരാതിയിലാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റം രജിസ്റ്റര്‍ ചെയ്തത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചു.
നേരത്തെ ഇതേ യുവതിയുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എംഎല്‍എയ്‌ക്കെതിരെ കോവളം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ യുവതി പിന്നീട് എംഎല്‍എ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോവളം പൊലീസില്‍ നിന്ന് കേസ് എറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് യുവതിയുടെ മൊഴിയെടുക്കുകയും എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയും ചെയ്തത്.
സെപ്റ്റംബര്‍ 14ന് യുവതിയെ ബലമായി വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയ എംഎല്‍എയും സഹായികളും കോവളത്ത് വച്ച് ഇവരെ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കി. ഈ പരാതി പിന്‍വലിക്കാന്‍ എംഎല്‍എ കഴിഞ്ഞ ഒന്‍പതാം തീയതി വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ കൊണ്ടുപോയി ഇവരെ മര്‍ദിച്ച് കേസ് പിന്‍വലിപ്പിക്കാന്‍ നീക്കം നടത്തി. ഇതോടെ ഇവര്‍ നാടുവിടുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇവരെ കണ്ടെത്തുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. തമിഴ് നാട്ടില്‍ നിന്ന് കണ്ടെത്തിയ ഇവരെ പൊലീസ് ഇവരെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11ല്‍ ഹാജരാക്കിയപ്പോഴാണ് യുവതി എംഎല്‍എയുടെ ലൈംഗിക പീഡനത്തിൻ്റെ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.