പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. കൊടുത്ത മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി. പീഡന പരാതി സത്യസന്ധമാണ്. നോ പറഞ്ഞിട്ടും എംഎൽഎ തന്നെ പല തവണ നിർബന്ധിച്ചു. പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു. കുന്നപ്പിള്ളിക്കായി വനിതാ കോൺഗ്രസ് നേതാവ് തന്നെ ഭീഷണിപ്പെടുത്തി. കോൺഗ്രസിൽ വിശ്വസിമില്ലെന്നും പേട്ടയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പരാതിക്കാരി പറഞ്ഞു.
എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട്. എംഎൽഎയുടെ ആദ്യ പി എ തൻ്റെ സുഹൃത്താണ്, അങ്ങനെയാണ് എംഎൽഎയെ പരിചയപ്പെട്ടത്. എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ നിരന്തര മദ്യപാനിയായ എൽദോസ് മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. മദ്യപിച്ചാൽ എൽദോസ് ആക്രമകാരിയാണ്. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയുടെ പി എ ഡാമി പോൾ, സുഹൃത്തായ ജിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു. കോവളത്ത് വച്ച് പരസ്യമായാണ് മർദിച്ചത്. അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടു. മർദ്ദനത്തിൽ പരുക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്.
എൽദോസിൻ്റെ അനുയായികൾ നിരന്തരമായി മാനസികമായി പീഡിപ്പിച്ചു. കേസ് ഒത്തുതീർപ്പാക്കിയാൽ 30ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. ഒത്തുതീർപ്പിനായി ഒരുപാട് പേർ വിളിച്ച് സമ്മർദ്ദം ചെലുത്തി. പല തവണ തന്നെ മർദ്ദിച്ചതിന് പുറമെ തന്നെ ഹണി ട്രാപ്പിൽപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പരാതി നൽകാതിരിക്കാൻ നിരവധി ഒത്തതീർപ്പ് ചർച്ചകൾ നടന്നിരുന്നു, തനിക്ക് പല തവണ മർദ്ദനമേറ്റു. മുഖ്യമന്ത്രി, സ്പീക്കർ തുടങ്ങിയവർക്ക് പരാതി നൽകുന്നത് പരിഗണിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
അതേമയം യുവതിയുടെ പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ചൊവ്വാഴ്ച കുന്നപ്പിള്ളി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപരും ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. പീഡനപരാതി പുറത്തായതോടെ അറസ്റ്റ് ഭയന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിലാണ്. കഴിഞ്ഞ നാല് ദിവസമായി എംഎൽഎ പൊതുപരിപാടികളിൽ പങ്കെടുത്തിട്ടില്ല. എംഎൽഎയും ഓഫീസ് ജീവനക്കാരും ഫോൺകോളുകളും എടുക്കുന്നുമില്ല. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോവളം പൊലീസാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.