പീഡനക്കേസിൽ കുരുങ്ങിയ എൽദോസ് കുന്നപ്പള്ളി മുങ്ങിയതോടെ കിളി പറന്ന നിലയിലാണ് കോൺഗ്രസ് നേതാക്കൾ. എന്താണ് പറയുന്നതെന്നോ എന്തിനാണ് പറയുന്നതെന്നോ ഒന്നും ആർക്കും ഒരു ബോധവുമില്ല. വായിൽത്തോന്നിയതാണ് മറുപടി.
എറണാകുളം ഡിസിസി പ്രസിഡൻ്റിനോട് ഒരു ചാനൽ റിപ്പോർട്ടർ ഇങ്ങനെ ചോദിച്ചു.
“ഫോൺ ഓഫ് ചെയ്ത് ഒരു എംഎൽഎ ഒളിവിൽ പോയിരിക്കുകയാണല്ലോ….”
സമ്മതിക്കാൻ പറ്റുമോ ഡിസിസി പ്രസിഡൻ്റിന്്? അദ്ദേഹം മൊഴിഞ്ഞു; ഹേയ്…. ഇല്ലില്ല… ഞങ്ങളൊക്കെ വിളിച്ചു സംസാരിക്കുന്നുണ്ടെന്നായി അദ്ദേം. തൊട്ടു പിന്നാലെ അടുത്ത ഡയലോഗ്. ഫോൺ ആ കുട്ടിയുടെ കൈയിലാണ് എന്ന് അറിയാനും കഴിഞ്ഞത്രേ.
ചോദ്യം ചോദിച്ച പത്രക്കാർക്കാണോ, ഉത്തരം പറഞ്ഞ നേതാവിനാണോ കിളി പറന്നത് എന്ന സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ പറ്റുമോ? ഏതു ഫോണിലാ ഡിസിസി പ്രസിഡൻ്റ് കുന്നപ്പള്ളിയോട് എന്നും സംസാരിക്കുന്നത്…? ആർക്കറിയാം?
കുട്ടിയുടെ കൈയിലൊരു ഫോൺ, കുന്നപ്പള്ളിയുടെ കൈയിൽ വേറൊന്ന് എന്ന നിലയിലായിരിക്കുമെന്നു കരുതി, റിപ്പോർട്ടർമാരെല്ലാം കൂടി മുൻ പ്രതിപക്ഷ നേതാവിൻ്റെ സമീപത്തേയ്ക്കു വെച്ചുപിടിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറുന്നത് തങ്ങളുടെ നയമല്ലെന്നായി രമേശ് ചെന്നിത്തല.
യേത്?
നൈനാ സാഹ്നിയെ തണ്ടൂരി അടുപ്പിൽ വെച്ച് ചുട്ടെടുത്ത പാർട്ടി.. നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിൽ കൊല്ലപ്പെട്ട രാധയെന്ന തൊഴിലാളിയെയും മറക്കാറായിട്ടില്ല.
ഉദാഹരണങ്ങൾ വേറെയുമുണ്ട് നിരത്താൻ. ഏതായാലും സ്ത്രീകളോട് മോശമായി പെരുമാറുന്നത് തങ്ങളുടെ നയമല്ലെന്ന് ചെന്നിത്തല സ്പഷ്ടീകരിച്ചതു നന്നായി. അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ടേനെ.
അവിടം കൊണ്ടും നിർത്തിയില്ല അദ്ദേഹം. എൽദോസ് കുന്നപ്പള്ളിയുടെ പീഡനക്കേസ് അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റ് തന്നോടു സമ്മതിച്ചുവെന്ന് തട്ടിവിടുകയും ചെയ്തു അദ്ദേഹം.
ഏത് കെപിസിസി പ്രസിഡന്റ്? മോൺസൺ മാവുങ്കൽ സമക്ഷത്തിൽ കണ്ണു ചികിത്സയ്ക്കു പോയതു മുതൽ പഴയ കണ്ണൂർ ഡിസിസി സെക്രട്ടറി പുഷ്പരാജിന്റെ കാലു തല്ലിയൊടിച്ച കേസുവരെ പാരമ്പര്യത്തിന്റെ തഴമ്പായി തടവി നടക്കുന്ന അതേ കെപിസിസി പ്രസിഡന്റ്. പീഡനക്കേസിൽ എൽദോയ്ക്കെതിരെ കമ്മിഷനെ വെയ്ക്കാൻ സമ്മതിച്ചെന്ന്….
കേട്ടു നിന്ന പത്രക്കാരുടെ കിളി പറന്നതിൽ വല്ല അതിശയവുമുണ്ടോ? അവർ നേരെ പ്രസിഡന്റിന്റെ സമക്ഷത്തേയ്ക്കു വെച്ചുപിടിച്ചു.
ചോദ്യം കേട്ടപാടെ പ്രസിഡൻ്റദ്യേം കൈ മലർത്തി. ഏത് കമ്മിഷൻ എന്തു കമ്മിഷൻ എന്ന് കരുണാകരൻ ശൈലിയിൽ ചോദിച്ചു. പാർടി കോൺഗ്രസാണെന്നും കോൺഗ്രസിൽ ഇതൊക്കെ നടപ്പുള്ളതാണെന്നും എൽദോയ്ക്കെതിരെ താനായിട്ടു കമ്മിഷനെ വെച്ചാൽ തനിക്കെതിരെ സ്വയംഭൂ കമ്മിഷനുകളുടെ പ്രളയമായിരിക്കുമെന്നും അറിയാത്ത ആളല്ല കെ സുധാകരൻ.
മാധ്യമപ്രവർത്തകരുടെ തല പെരുക്കാൻ വേറെ വല്ലതും വേണോ… കമ്മിഷനെ വെച്ചെന്ന് മുൻ പ്രസിഡൻ്റ്… ഒരു കമ്മിഷനുമില്ലെന്ന് നടപ്പു പ്രസിഡന്റ്. യേത് വിശ്വസിക്കും… ശരി, പ്രതിപക്ഷ നേതാവിനോട് ചോദിച്ചേക്കാമെന്ന് തീരുമാനിച്ച അവരെ കുറ്റം പറയാൻ പറ്റില്ല. ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന ദേഹമല്ലേ. ചെന്നു… കണ്ടു…. ചോദിച്ചു.
കമ്മിഷനില്ലെന്ന് അദ്ദേഹവും തീർത്തു പറഞ്ഞു. ഫേസ് ബുക്കിലെ പഴയ പറവൂർ ശിവരാമന്റെ കേസും തന്നെ പൂരത്തെറി പറഞ്ഞ് വൈറലായ മറ്റേ വീഡിയോയുടെ കഥയും മറക്കാനുള്ള സമയം സതീശന് ആയിട്ടേ ഇല്ലല്ലോ. അതിനുമീതേ വല്ല കമ്മിഷനും പ്രത്യക്ഷപ്പെട്ടാൽ….
എൽദോയ്ക്കെതിരെ ഒരു കമ്മിഷനെയും കുറിച്ച് കോൺഗ്രസ് ആലോചിച്ചിട്ടേയില്ലെന്ന് കട്ടായം പറഞ്ഞു, പ്രതിപക്ഷ നേതാവ്. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു. എൽദോ കേസിൽ മറുവശവും കേൾക്കണമെന്ന്….
അതൊരു ലാ പോയിന്റാണ്. എന്തു കാര്യത്തിൽ അഭിപ്രായം പറയുമ്പോഴും മറുവശം കൂടി നോക്കി പ്രതികരിക്കുന്ന ദേഹമാണ് അദ്ദേഹം. മറുവശമെന്നു വെച്ചാൽ കുഞ്ഞെൽദോയുടെ പക്ഷം. പീഡിപ്പിച്ചോ എന്ന് ആരു ചോദിച്ചാലും ഇല്ലെന്നേ എൽദോ പറയൂ. സതീശന് അതുമതി. വേറെ കമ്മിഷനെന്തിന്?
അല്ലെങ്കിലും സതീശനും എൽദോയും എറണാകുളത്തുകാരാണ്. പറവൂർ ശിവരാമനും അതേ നാട്ടുകാരൻ. വീഡിയോ വഴി പൂരപ്പാട്ടു നടത്തിയ സ്ത്രീയുടെ ദേശവും എറണാകുളം തന്നെ. എൽദോയ്ക്കെതിരെ കമ്മിഷൻ വെച്ചാൽ സതീശൻ വിവരമറിയും.