കോവളം സന്ദർശനത്തിനിടെ മർദ്ദിച്ചു എന്ന യുവതിയുടെ പരാതിയിന്മേൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എം എൽ എക്കെതിരെ കേസെടുക്കുക. എംഎൽഎക്കെതിരെ ആലുവാ സ്വദേശിനി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പരാതി നൽകിയത്. ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയിൽ സൂയിസൈഡ് പോയിൻ്റിൽ വച്ച് എംഎൽഎ മർദ്ദിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം പോലീസ് കമ്മിഷണർക്കാണ് യുവതി പരാതി നൽകിയത്.
അതേസമയം തിങ്കളാഴ്ച രാത്രി യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകിയിരുന്നു. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം എൽ എ തന്നെ വീണ്ടും മർദിച്ചു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ഇതിനായി ബോണ്ടിൽ ഒപ്പിടാൻ എം എൽ എ തന്നെ നിർബന്ധിച്ചുവെന്നും മൊഴിയിൽ പറയുന്നു. വഞ്ചിയൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് മുൻപാകെയാണ് എം എൽ എയ്ക്കെതിരെ യുവതി മൊഴി നൽകിയത്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പരാതി നൽകിയതിന് പിന്നാലെ യുവതിയെ കാണാതായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് യുവതി തമിഴ്‌നാട്ടിൽ എത്തിയതായി പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇവരെ തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ നാട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. തൂത്തുക്കുടി, മധുര, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ പരാതിക്കാരിയായ യുവതി എത്തിയതായും പോലീസ് വ്യക്തമാക്കി.
കോവളം യാത്രയ്ക്കിടെ എംഎൽഎ തന്നെ മർദ്ദിച്ചുവെന്ന് പോലീസിൽ പരാതിപ്പെട്ട യുവതിയെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധുക്കളും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് വഞ്ചിയൂർ പോലീസിനെ സമീപിച്ചത്. ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ ഇവരെ കാണാനില്ലെന്നായിരുന്നു പരാതി. പരാതി പിൻവലിക്കണമെന്ന് എംഎൽഎയും സംഘവും ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് യുവതിയെ കാണാതായിരുന്നത്. എംഎൽഎക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ഒരു ഓൺലൈൻ മാധ്യമം യുവതിയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.