സമാജ്വാദി പാർട്ടി സ്ഥാപകനും മുൻ യുപി മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘനാൾ സിസിയുവിലായിരുന്നു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിൽ നിന്നും സിസിയുവിലേക്ക് മാറ്റിയിരുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പുറമേ ഉയർന്ന രക്തസമ്മർദവും ഓക്സിജൻ അളവിലെ കുറവുമാണ് അദ്ദേഹത്തിൻ്റെ സ്ഥിതി ഗുരുതരമാക്കിയത്.
നേതാജി എന്ന പേരിൽ ഉത്തർപ്രദേശുകാർക്ക് ഒരു നേതാവേയുള്ളൂ, മുലായം സിംഗ് യാദവ്. നേതാജി സുഭാഷ് ചന്ദ്ര ബോസിനെ പോലും മുലായം കഴിഞ്ഞ സമാജ്വാദി പാർട്ടിക്കാർ നേതാജിയെന്നു പറയാറുള്ളൂ. രാഷ്ട്രീയ ചാണക്യൻ എന്ന പതിവു വിശേഷണം മുലായം സിംഗിൻ്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണെന്ന് യുപിയിലെ എല്ലാ രാഷ്ട്രീയക്കാരും സമ്മതിക്കും. സമാജ്വാദി പാർട്ടിയുടെ സ്ഥാപക നായകനും മൂന്നു തവണ യുപി മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയും ആയിരുന്ന മുലായമിന് തുല്യം മറ്റൊരാളില്ല. 55 വർഷം മുമ്പ് 1967ൽ യുപിയിലെ എംഎൽഎ ആയി തുടങ്ങിയതാണ് മുലായം സിംഗ് യാദവ്. പത്തു തവണ എംഎൽഎയും ഏഴു തവണ പാർലമെന്റ് അംഗവുമായി യുപി, ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അതുല്യനേതാവാണ് ഇദ്ദേഹം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മെയ്ൻപുരി മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ജനനായകൻ മരിക്കുമ്പോഴും സിറ്റിംഗ് എംപിയായിരുന്നു.